ന്യൂഡൽഹി: ബിനാമി ഇടപാടുകൾക്ക് തടവ് ശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമത്തിലെ വകുപ്പ് സുപ്രീംകോടതി റദ്ദാക്കി. ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി 1988ലെ ബിനാമി ഇടപാടുകൾ തടയൽ നിയമത്തിലെ വകുപ്പാണ് സുപ്രീംകോടതി റദ്ദാക്കിയത്.

നിയമത്തിലെ 3 (2) വകുപ്പ് പ്രകാരം ബിനാമി ഇടപാടുകൾ നടത്തുന്നവർക്ക് പരമാവധി മൂന്ന് വർഷം തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാൽ ഈ വകുപ്പ് ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്.

1988 ലെ നിയമത്തിൽ 2016 ൽ കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവന്നിരുന്നു. ഈ ഭേദഗതിയോടെ ബിനാമി ഇടപാടുകൾ ശിക്ഷാർഹമാണ്. എന്നാൽ ഈ ഭേദഗതി മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ 2016 ഒക്ടോബർ 25 ന് മുമ്പ് നടന്ന ബിനാമി ഇടപാടുകൾക്ക് എതിരായ കേസുകളിൽ ക്രിമിനൽ പ്രോസിക്യുഷൻ നടപടികൾ റദ്ദാകും.