- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'കശ്മീരിന് പ്രത്യേക പദവി ഒരിക്കലും തിരിച്ചുകിട്ടാൻ പോകുന്നില്ല; കോൺഗ്രസുമായി കൂട്ടുചേരാനില്ല'; പത്ത് ദിവസത്തിനുള്ളിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് ഗുലാം നബി ആസാദ്
ന്യൂഡൽഹി: പത്ത് ദിവസത്തിനുള്ളിൽ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമെന്ന് അറിയിച്ച് കോൺഗ്രസ് വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. സ്വാതന്ത്ര്യമായിരിക്കും പുതിയ പാർട്ടിയുടെ മുഖമുദ്ര. ഒപ്പം നിൽക്കുന്ന എല്ലാവർക്കും നന്ദി അറിയിക്കുകയാണ്. ആശയപരമായും ബൗദ്ധികപരമായും വിട്ടുവീഴ്ചകളില്ലാത്ത പാർട്ടിയായിരിക്കും പ്രഖ്യാപിക്കപ്പെടാൻ പോകുന്നതെന്നും ആസാദ് പറഞ്ഞു.
കശ്മീരിന് നഷ്ടമായ പ്രത്യേക പദവി ഇനി ഒരിക്കലും തിരിച്ച് കിട്ടില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. ഇന്ത്യൻ ഭരണഘടനയിലെ 370ാം അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്നത്. ഇത് കേന്ദ്ര സർക്കാർ റദ്ദാക്കിയിരുന്നു. ഒരിക്കലും ഇനി പ്രത്യേക പദവി തിരികെ കിട്ടില്ല. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടെങ്കിൽ മാത്രമേ അക്കാര്യം ചിന്തിക്കേണ്ടതുള്ളൂ. എന്നാൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ പേരിൽ ജനങ്ങളെ ചൂഷണം ചെയ്യാൻ ആരേയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാറാമുള്ളയിലെ റാലിയിൽ സംസാരിക്കുകയായിരുന്നു ഗുലാം നബി.
കോൺഗ്രസുമായി യാതൊരു വിധത്തിലുള്ള കൂട്ടുചേരലിനും ഇല്ലെന്നും ബരാമുള്ളയിലെ പൊതുപരിപാടിയിൽ അദ്ദേഹം അറിയിച്ചു. വികസനമായിരിക്കും പാർട്ടിയുടെ മുഖ്യ അജണ്ട. യുവാക്കൾക്ക് തൊഴിൽ നൽകുന്നതിന് പ്രാമുഖ്യം നൽകും. ദേശീയമോ പ്രാദേശികമോ ആയ ഒരു പാർട്ടിയുമായും വെറുപ്പിന്റെ സമീപനം സ്വീകരിക്കില്ല. പ്രവർത്തന സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാത്ത ഒരു പ്രസ്ഥാനവുമായും സഹകരിക്കില്ലെന്നും ഗുലാം നബി ആസാദ് അറിയിച്ചു.
രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതൃത്വത്തിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു കൊണ്ടായിരുന്നു മുതിർന്ന നേതാവായ ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടത്. രാഹുലിന്റെ എല്ലാ തീരുമാനങ്ങളും തെറ്റായിരുന്നുവെന്നും അത് കോൺഗ്രസിനെ പരാജയത്തിന്റെ പടുകുഴിയിലേക്ക് തള്ളിയിട്ടുവെന്നും ഗുലാം നബി ആസാദ് കുറ്റപ്പെടുത്തിയിരുന്നു.
ന്യൂസ് ഡെസ്ക്