- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാൻഡോസ് ചുഴലിക്കാറ്റ് തീരം തൊട്ടു; തമിഴ്‌നാട്ടിൽ അതിശക്തമായ മഴ; പുതുച്ചേരിയിൽ മഴയിലും കടൽക്ഷോഭത്തിലും എട്ട് വീടുകൾ ഒലിച്ചു പോയി: 25 വിമാനങ്ങൾ റദ്ദാക്കി: 11 എണ്ണം മണിക്കൂറുകളോളം വൈകി
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മാൻഡോസ് ചുഴലിക്കാറ്റ് തീരം തൊട്ടതോടെ തമിഴ്‌നാട്ടിൽ അതിശക്തമായ മഴ. വ്യാഴാഴ്ച രാത്രി തുടങ്ങിയ കനത്ത മഴ ഇപ്പോഴും തുടരുകയാണ്. അതേസമയം തീരം തൊട്ടതോടെ കാറ്റിന്റെ ശക്തി ദുർബലമായി. ഞായറാഴ്ച വരെ കനത്ത മഴ തുടരാനാണ് സാധ്യത. പുതുച്ചേരിയിൽ മഴയിലും കടൽക്ഷോഭത്തിലും എട്ട് വീടുകൾ ഒലിച്ചു പോയി.
ചെന്നൈ വിമാനത്താവളത്തിൽ നിരവധി വിമാനങ്ങൾ റദ്ദാക്കി. മോശം കാലാവസ്ഥയെ തുടർന്ന് ഇറക്കാൻ സാധിക്കാത്തതിനാൽ ചെന്നൈയിലേക്ക് എത്തേണ്ട കേരളത്തിൽ നിന്നടക്കമുള്ള 25 വിമാനങ്ങളാണ് റദ്ദാക്കിയത്. രാജ്യാന്തര സർവീസുകളുൾപ്പെടെ 11 വിമാനങ്ങൾ മണിക്കൂറുകളോളം വൈകി. ചെന്നൈ ഉൾപ്പെടെയുള്ള മേഖലകളിൽ വ്യാഴാഴ്ച രാത്രി തുടങ്ങിയ മഴ അതിശക്തമായി തുടരുന്നു. തമിഴ്‌നാടിനു പുറമേ, ആന്ധ്ര, പുതുച്ചേരി എന്നിവിടങ്ങളിലും കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
മഴ യാത്രാ സംവിധാനങ്ങളെ ബാധിച്ചതിനാൽ ജനജീവിതം കൂടുതൽ ദുരിതത്തിലാണ്. യാത്രക്കാരുടെ സഹായത്തിനായി പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്രത്യേക കേന്ദ്രം ആരംഭിച്ചിട്ടുണ്ട്. ബീച്ചുകളിലേക്കുള്ള പ്രവേശനം വിലക്കി പൊലീസ് കാവലേർപ്പെടുത്തി. ഈസ്റ്റ് കോസ്റ്റ് റോഡ് വഴി ചെന്നൈയിലേക്കുള്ള ബസ് ഗതാഗതം പുതുച്ചേരി നിർത്തി. ചെന്നൈയിൽ നിന്നുള്ള രാത്രി ബസുകളും ഈ വഴി സർവീസ് നടത്തില്ല. ചെന്നൈ മെട്രോ, സബേർബൻ സർവീസ് തുടരും.
കേരളത്തിൽ 13 വരെ മഴയ്ക്കു സാധ്യത
തിരുവനന്തപുരം: കേരളത്തിൽ ഇന്നു മുതൽ 13 വരെ മിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുൻകരുതൽ സ്വീകരിക്കണമെന്നു സംസ്ഥാന ദുരന്തനിവാരണ അഥോറിറ്റി നിർദേശിച്ചു.