മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്ത് രാജ്യത്തിന്റെ സ്വത്താണെന്നും അഭിമാനമെന്നും ബോളിവുഡ് നടി ഉർവശി റൗട്ടേല. മുംബൈ വിമാനത്താവളത്തിലെത്തിയപ്പോഴായിരുന്നു നടി, ഋഷഭ് പന്തിനെക്കുറിച്ചു സംസാരിച്ചത്. പന്തിന്റെ പരുക്കുമാറുന്നതിനായി തന്റെ പ്രാർത്ഥനകൾ ഉണ്ടായിരിക്കുമെന്നും ഉർവശി ചുറ്റുംകൂടിയ ഫോട്ടോഗ്രാഫർമാരോടു പറഞ്ഞു. ''അദ്ദേഹം നമ്മുടെ രാജ്യത്തിന്റെ സ്വത്താണ്, ഇന്ത്യയുടെ അഭിമാനം.'' ഉർവശി പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബർ 30ന് നടന്ന വാഹനാപകടത്തിലാണ് ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്തിനു പരുക്കേറ്റത്. ശസ്ത്രക്രിയകൾക്കു ശേഷം വിശ്രമത്തിലാണ് ഋഷഭ് പന്ത് ഇപ്പോൾ. പതിയെ നടക്കാൻ ശ്രമിക്കുന്നതിന്റെ ചിത്രങ്ങൾ പന്ത് കഴിഞ്ഞ ദിവസം ആരാധകർക്കായി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

 
 
 
View this post on Instagram

A post shared by Viral Bhayani (@viralbhayani)

വാഹനാപകടത്തിനു പിന്നാലെ പന്തിനെ ചികിത്സിക്കുന്ന ആശുപത്രിയുടെ ചിത്രം ബോളിവുഡ് നടി ഇൻസ്റ്റഗ്രാമിൽ ഇട്ടത് വൻ ചർച്ചകൾക്കു വഴിയൊരുക്കിയിരുന്നു. ഇന്ത്യൻ താരത്തിനെതിരായ വിമർശനാത്മകമായ പോസ്റ്റുകളുടെ പേരിൽ ഉർവശി നേരത്തേ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്. ''മിസ്റ്റർ ആർപി തനിക്കായി ഹോട്ടൽ ലോബിയിൽ മണിക്കൂറുകളോളം കാത്തിരുന്നിട്ടുണ്ടെന്ന്'' ഒരിക്കൽ നടി വെളിപ്പെടുത്തിയിരുന്നു. ഇത് ഋഷഭ് പന്തിനെ ഉദ്ദേശിച്ചാണെന്നാണു വിവരം. എന്നാൽ ഉർവശിയുടെ ആരോപണങ്ങളെ ഋഷഭ് പന്ത് തള്ളിക്കളഞ്ഞു.