ന്യൂഡൽഹി: ജയിച്ച പ്രതിപക്ഷ പാർട്ടികളുടെ എംഎ‍ൽഎമാരും സ്വതന്ത്രരും എല്ലാം കൂടി നാഗലാൻഡിലെ സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചതോടെ പ്രതിപക്ഷമില്ലാതായി. നാഗാലാൻഡിന്റെ വിശാല താൽപര്യം മുൻനിർത്തിയും മുഖ്യമന്ത്രിയുമായുള്ള എൻ.സി.പിയുടെ നല്ല ബന്ധം പരിഗണിച്ചുമാണ് എൻ.ഡി.പി.പി- ബിജെപി സഖ്യ സർക്കാറിന് പിന്തുണ നൽകുന്നതെന്ന് ശരദ് പവാർ വ്യക്തമാക്കി. അതേ സമയം നാഗാലാൻഡിൽ ജനതാദൾ-യു സംസ്ഥാന കമ്മിറ്റിയെ ദേശീയ നേതൃത്വം പിരിച്ചുവിട്ടു.

എൻ.സി.പിയുടെ ഏഴ് എംഎ‍ൽഎമാരും ബിജെപി മുന്നണിയെ പിന്തുണച്ചതിന് ശരദ് പവാർ അംഗീകാരം നൽകിയപ്പോഴാണ് ബിഹാറിലെ ഭരണകക്ഷിയായ നിതീഷ് കുമാറിന്റെ പാർട്ടിയായ ജനതാദൾ -യുവിന്റെ നാഗാലാൻഡിലെ ഏക എംഎ‍ൽഎ ബിജെപി മുന്നണിയെ പിന്തുണച്ചതിന് സംസ്ഥാന കമ്മിറ്റിതന്നെ പിരിച്ചുവിട്ടത്.

ആകെയുള്ള 60ൽ 37 സീറ്റും എൻ.ഡി.പി.പി- ബിജെപി സഖ്യം നേടിയ സംസ്ഥാനത്ത് എൻ.സി.പി ഏഴും എൻ.പി.പി അഞ്ചും, എൻ.പി.എഫ് രണ്ടും ആർ.പി.ഐ രണ്ടും എൽ.ജെ.പി രണ്ടും ജനതാദൾ യു ഒന്നും മണ്ഡലങ്ങളിൽ ജയിച്ചത്. ഇത് കൂടാതെ നാല് സ്വതന്ത്രരും വിജയികളായി.