ജയ്പൂർ: മദ്യപാനിയായ ഭർത്താവിന്റെ നിരന്തരമുള്ള മർദ്ദനം സഹിക്കാനാവാകെ യുവതി രണ്ടു മക്കളുമൊത്ത് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. മധ്യപ്രദേശിലെ നർസിങ്പുർ ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെയുള്ള ഗദർവാര റെയിൽവേ സ്റ്റേഷനു സമീപത്താണ് 38 കാരിയായ യുവതി മക്കളുമായി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തത്.

യുവതിയും 19 വയസ്സുള്ള മകനും 16 വയസ്സുള്ള മകളുമാണ് മരിച്ചത്. സംഭവത്തിൽ ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് മൂന്നു പേരുടെയും മൃതദേഹങ്ങൾ റെയിൽവേ ട്രാക്കിൽനിന്ന് കണ്ടെത്തിയത്. മകന്റെ വസ്ത്രത്തിലെ പോക്കറ്റിൽ നിന്നും ലഭിച്ച ആത്മഹത്യക്കുറിപ്പാണ് മരണത്തിന് പിന്നിലെ കാരണം വ്യക്തമാക്കിയത്.

മദ്യപിച്ചെത്തിയ പിതാവ് തങ്ങളെ നിരന്തരം വേദനിപ്പിക്കുകയാണെന്നും എപ്പോഴും ബുദ്ധിമുട്ടിക്കുകയാണെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. ഇനിയും വേദന സഹിച്ച് ജീവിക്കാനാവില്ലെന്നും മരിക്കുകയാണെന്നും പറഞ്ഞാണ് ആത്മഹത്യക്കുറിപ്പ്. ആത്മഹത്യകുറിപ്പ് ലഭിച്ചതോടെ പൊലീസ് യുവതിയുടെ ഭർത്താവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു