ഭോപ്പാൽ: കാമുകന് ഒപ്പം മകൾ ഒളിച്ചോടിയതിന് യുവാവിന്റെ പിതാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി. തട്ടിക്കൊണ്ടു പോയി മരത്തിൽ കെട്ടിയിട്ട് മർദിച്ച പഞ്ചംപൂർ സ്വദേശിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മധ്യപ്രദേശിലെ ഛതർപൂർ ജില്ലയിലാണ് സംഭവം. പഞ്ചംപൂർ സ്വദേശിയായ ഉദ്ധ അഹിർവാർ ആണ് മരിച്ചത്.

മാർച്ച് രണ്ടിന് അഹിർവാറിനെ പഞ്ചംപൂർ ഗ്രാമത്തിൽ നിന്ന് ബിലാ ഗ്രാമത്തിലേക്ക് പെൺകുട്ടിയുടെ മുത്തച്ഛൻ സന്ദു അഹിർവാർ പിടിച്ചു കൊണ്ടുപോയി രണ്ട് ദിവസം മരത്തിൽ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. മോചിതനായ ശേഷം അദ്ദേഹം ഭാര്യ സാവിത്രിയുമായി ഗ്രാമത്തിലേക്ക് മടങ്ങി.

എന്നാൽ ഭീഷണി തുടർന്നു. തുടർന്ന് തിങ്കളാഴ്ച ജോലിക്ക് പോയ ഭാര്യ തിരിച്ചുവന്നപ്പോഴാണ്, ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് അവശനായിരുന്ന ഭർത്താവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

പെൺകുട്ടിയുടെ പിതാവായ സന്ദു, സരിയ, സുരേഷ്, ഭാഗീരഥ്, സുനിൽ, ഗണേശ്, രാജു, രാംനരേഷ് അഹിർവാർ എന്നിവരാണ് ഉദ്ധയെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചതെന്നും ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ബന്ധുക്കൾ പൊലീസ് സൂപ്രണ്ട് സച്ചിൻ ശർമയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, സംഭവത്തിൽ ആറ് പേർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

ഉദ്ധയുടെ മകൻ ശങ്കർ അഹിർവാർ രാജസ്ഥാനിൽ സന്ദു അഹിർവാറിന്റെ മരുമകനൊപ്പം ജോലി ചെയ്യുകയാണ്. ശങ്കർ സന്ദുവിന്റെ കൊച്ചുമകളുമായി പ്രണയത്തിലാവുകയും ഇരുവരും ഒരു മാസം മുമ്പ് ഒളിച്ചോടുകയും വിവാഹിതരാവുകയും ചെയ്തു. ഇതിനു പിന്നാലെ സന്ദു ശങ്കറിന്റെ കുടുംബത്തെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുക പതിവായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.