ജയ്പുർ: വിവാഹിതയായ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിന്റെ മൂക്ക് വെട്ടിമാറ്റി യുവതിയുടെ ബന്ധുക്കളുടെ പ്രതികാരം. യുവതിയുടെ സഹോദരനും പിതാവും ഉൾപ്പെടെയുള്ളവരാണ് കാമുകന്റെ മൂക്ക് മുറിച്ചെടുത്തത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ നഗൗർ ജില്ലയിലാണ് സംഭവം.

വിവാഹിതയായ യുവതിയും പർബത്സർ സ്വദേശിയായ യുവാവും പ്രണയത്തിലായിരുന്നു. ജനുവരിയിൽ ഇരുവരും ഒളിച്ചോടുകയും അജ്മീറിലെത്തി ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. തുടർന്നാണ് യുവതിയുടെ ബന്ധുക്കൾ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി ആക്രമിച്ചത്.

ഇരുമ്പ് ദണ്ഡുകൾ കൊണ്ടും വടികൊണ്ടും ക്രൂരമായി മർദിച്ചശേഷമാണ് പ്രതികൾ തന്റെ മൂക്ക് വെട്ടിമാറ്റിയതെന്നായിരുന്നു യുവാവിന്റെ മൊഴി. ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഈ ദൃശ്യങ്ങൾ വൈറലായതോടെയാണ് സംഭവം പുറംലോകമറിയുന്നത്. പിന്നാലെ യുവാവും പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോയി മൂക്ക് വെട്ടിമാറ്റിയ സംഭവത്തിൽ അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.