ഭോപ്പാൽ: മധ്യപ്രദേശിലെ സ്‌കൂളിൽ നടത്തിയ മിന്നൽ പരിശോധനയിൽ പ്രധാനാ അദ്ധ്യാപകന്റെ മുറിയിൽനിന്ന് വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു. മുറൈന ജില്ലയിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. ബാലാവകാശ കമ്മിഷൻ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്. പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയാണിത്. ഇയാൾക്കെതിരേ എക്സൈസ് വിഭാഗം കേസെടുത്തു.

ബാലാവകാശ കമ്മിഷനും ജില്ലാ വിദ്യാഭ്യാസ ഓഫീസറും ചേർന്നാണ് സ്‌കൂളിൽ മിന്നൽ പരിശോധന നടത്തിയത്. മതപ്രചാരണത്തിന് ഉപയോഗിക്കുന്ന സാമഗ്രികൾ സ്‌കൂൾ ലൈബ്രറിയിൽ നിന്ന് കണ്ടെടുത്തായും റിപ്പോർട്ടുകളുണ്ട്. അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ കണ്ടുകെട്ടാൻ ജില്ലാ കളക്ടർക്ക് കമ്മിഷൻ നിർദ്ദേശം നൽകി.

പതിവുപരിശോധനയുടെ ഭാഗമായിട്ടാണ് ബാലാവകാശ കമ്മിഷൻ ഉദ്യോഗസ്ഥർ സ്‌കൂളിലെത്തിയത്. സ്‌കൂളിനുള്ളിൽ അനധികൃതമായി ചിലർ താമസിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായി കമ്മിഷനംഗം ഡോക്ടർ നിവേദിത ശർമ പറഞ്ഞു. കൂടാതെ വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകൾ ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തിയതായും അവർ കൂട്ടിച്ചേർത്തു.

അതേസമയം, ആരോപണം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സ്‌കൂൾ പ്രധാനാധ്യാപകൻ. താമസസ്ഥലമെന്നത് കാമ്പസിന് പുറത്താണ്. അവിടെയുണ്ടായിരുന്നത് കാലിക്കുപ്പികളാണ് . മദ്യമുള്ള രണ്ട് കുപ്പികൾ ചിലപ്പോൾ ഉണ്ടായേക്കാം. ഞങ്ങൾ മദ്യം കഴിക്കുന്ന ആളുകളല്ല- പ്രധാനാധ്യാപകൻ പറഞ്ഞു.