ബെംഗളൂരു: കൈക്കൂലിക്കേസിൽ ഒന്നാം പ്രതിയായ കർണാടക ബിജെപി. എംഎ‍ൽഎ. മാദൽ വിരുപാക്ഷപ്പ അറസ്റ്റിൽ. കർണാടക ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് ലോകായുക്ത അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് ഏഴിന് വിരൂപാക്ഷപ്പയ്ക്ക് കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കർണാടക ലോകായുക്ത രജിസ്റ്റർ ചെയ്ത അഴിമതിക്കേസിൽ ഒന്നാം പ്രതിയാണ് മാഡൽ വിരൂപാക്ഷപ്പ. മൈസൂർ സാൻഡൽ സോപ്‌സ് നിർമ്മിക്കാനുള്ള നിർമ്മാണ സാമഗ്രികൾ കൂട്ടത്തോടെ വിതരണം ചെയ്യാനുള്ള കരാർ നൽകാൻ 81 ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നതാണ് കേസ്. കേസിൽ മാഡൽ വിരൂപാക്ഷപ്പയുടെ മകൻ മാഡൽ പ്രശാന്തിനെ കൈക്കൂലിപ്പണവുമായി ലോകായുക്ത അറസ്റ്റ് ചെയ്തിരുന്നു.

പ്രശാന്ത് മാദൽ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ലോകായുക്ത പൊലീസിന്റെ പിടിയിലായത്.. ഇതിന് പിന്നാലെ നടത്തിയ റെയ്ഡിൽ എട്ടുകോടി രൂപയിലധികം ലോകായുക്ത കണ്ടെത്തിയിരുന്നു.

കേസിൽ ആരോപണമുയർന്നതോടെ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് ചെയർമാൻ സ്ഥാനം വിരുപാക്ഷപ്പ രാജിവെച്ചിരുന്നു. വിരുപാക്ഷപ്പയ്ക്ക് വേണ്ടി മകൻ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. ബെംഗളൂരു ക്രസന്റ് റോഡിലുള്ള വിരുപാക്ഷപ്പയുടെ ഓഫീസിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് പ്രശാന്ത് മാദലിനെ അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ എംഎ‍ൽഎയ്ക്ക് നേരെ ഉയർന്ന ആരോപണം ബിജെപിയെ വെട്ടിലാക്കിയിരിക്കുകയാണ്.