- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മുല്ലപ്പെരിയാറിൽ സുപ്രീംകോടതി നിർദേശ പ്രകാരമുള്ള രാജ്യാന്തര വിദഗ്ദ്ധർ സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം; പരിശോധനകൾ വേണ്ടെന്ന നിലപാട് ആവർത്തിച്ച് തമിഴ്‌നാട്; പ്രധാന അണക്കെട്ടും ബേബി ഡാമും അടക്കം സന്ദർശിച്ച് ഉന്നതാധികാര സമിതി
കുമളി: സുപ്രീംകോടതി നിർദേശപ്രകാരം രൂപവത്കരിക്കപ്പെട്ട അഞ്ചംഗ ഉന്നതാധികാര സമിതി മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിച്ചു. പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി, സ്പിൽവേ എന്നിവ സമിതി സന്ദർശിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് സുപ്രീംകോടതി നിർദേശ പ്രകാരമുള്ള രാജ്യാന്തര വിദഗ്ധരുടെ സുരക്ഷാ പരിശോധന നടത്തണമെന്ന് തിങ്കളാഴ്ച കുമളിയിൽ നടന്ന ഉന്നതാധികാര സമിതി യോഗത്തിൽ കേരളം ആവശ്യപ്പെട്ടു. എന്നാൽ, അണക്കെട്ട് സുരക്ഷിതമാണെന്ന് സമിതി റിപ്പോർട്ട് നൽകിയതിനാൽ ഇനി പരിശോധനകൾ വേണ്ടെന്ന നിലപാടാണ് തമിഴ്‌നാട് സ്വീകരിച്ചത്.
കേന്ദ്ര ജല കമീഷൻ ചീഫ് എൻജിനീയർ വിജയ് സരൺ ചെയർമാനായ സമിതിയിൽ കേരളത്തിന്റെ ജലസേചന വകുപ്പ് സെക്രട്ടറി ഡോ. വി. വേണു, ചീഫ് എൻജിനീയർ അലക്സ് വർഗീസ്, തമിഴ്‌നാട് ജലസേചന വകുപ്പ് സെക്രട്ടറി സന്ദീപ് സക്‌സേന, കാവേരി സെൽ ചെയർമാൻ സുബ്രഹ്‌മണ്യം എന്നിവരാണുള്ളത്. ഇവർക്കൊപ്പം തിങ്കളാഴ്ച കേരളത്തിന്റെ ജലവിഭവ വകുപ്പ് സെക്രട്ടറി അശോക് കുമാർ സിങ്, അന്തർ സംസ്ഥാന ജലസേചന വകുപ്പ് ചീഫ് എൻജിനീയർ പ്രിയേഷ്, കെ.എസ്.ഇ.ബി ഉപദേശക സമിതി അംഗം ജയിംസ് വിൽസൺ, തമിഴ്‌നാടിന്റെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവരും ഉണ്ടായിരുന്നു.
അണക്കെട്ടിലേക്ക് സമിതി അംഗങ്ങളെ ജീപ്പിലാണ് തമിഴ്‌നാട് കൊണ്ടുപോയത്. പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ റോഡിന്റെ കാര്യം ശ്രദ്ധയിൽപെടുത്തുന്നതിനായിരുന്നു ജീപ്പ് യാത്ര. പ്രധാന അണക്കെട്ടിലും പരിസരത്തും അടുത്തിടെ തമിഴ്‌നാട് സ്ഥാപിച്ച ഉപകരണങ്ങൾ സമിതി വിലയിരുത്തി. ബേബി ഡാമിനു പിന്നിലെ മരങ്ങൾ മുറിച്ചുമാറ്റണമെന്ന് സന്ദർശനവേളയിൽ തന്നെ സമിതി ചെയർമാനോട് തമിഴ്‌നാട് ആവശ്യപ്പെട്ടു.
അണക്കെട്ടിലെ സന്ദർശനത്തിനുശേഷം ബോട്ടിൽ തേക്കടിയിൽ മടങ്ങിയെത്തിയ സംഘം ഉച്ചക്ക് ശേഷമാണ് കുമളിയിൽ യോഗം ചേർന്നത്. അണക്കെട്ടിലേക്ക് കടുവ സങ്കേതത്തിനുള്ളിലൂടെയുള്ള റോഡ് ഉടൻ പുതുക്കിപ്പണിയുക, ബേബി ഡാം ബലപ്പെടുത്താൻ മരങ്ങൾ മുറിക്കാൻ അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും തമിഴ്‌നാട് ഉന്നയിച്ചത്. രണ്ട് കാര്യത്തിലും വനം വകുപ്പാണ് നടപടി സ്വീകരിക്കേണ്ടതെന്ന് കേരളം യോഗത്തെ അറിയിച്ചു.
അണക്കെട്ടിലെ ജലനിരപ്പ് ഇപ്പോൾ 116.75 അടിയാണ്. ഈ സന്ദർഭത്തിൽ വേണം സുരക്ഷാ പരിശോധന നടത്താനെന്നും ഇതിനായി ഉന്നതാധികാര സമിതി നിർദ്ദേശം നൽകണമെന്നും കേരളം ആവശ്യപ്പെട്ടെങ്കിലും തമിഴ്‌നാട് ഇക്കാര്യം അംഗീകരിക്കാത്തതിനെ തുടർന്ന് യോഗം പിരിയുകയായിരുന്നു.
മറുനാടന്‍ മലയാളി ബ്യൂറോ