- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പത്താം ക്ലാസ് ബോർഡ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോർത്തി പ്രചരിപ്പിച്ച കേസ്; തെലങ്കാനയിലെ ബിജെപി അധ്യക്ഷനും എംപിയുമായ ബണ്ടി സഞ്ജയ് കുമാർ അറസ്റ്റിൽ
വാറങ്കൽ: പത്താം ക്ലാസ് (എസ്എസ്സി) ബോർഡ് പരീക്ഷയുടെ ചോദ്യക്കടലാസ് ചോർത്തി പ്രചരിപ്പിച്ച കേസിൽ തെലങ്കാന ബിജെപി അധ്യക്ഷനും എംപിയുമായ ബണ്ടി സഞ്ജയ് കുമാർ അറസ്റ്റിലായി. ബുധനാഴ്ച അതിരാവിലെ കരീംനഗറിലെ വസതിയിലെത്തിയാണ് സിറ്റി പൊലീസ് സഞ്ജയ് കുമാറിനെ അറസ്റ്റ് ചെയ്തത്. വൈകിട്ട് വാറങ്കൽ കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ ഈ മാസം 19 വരെ റിമാൻഡ് ചെയ്തു. കേസിലെ മറ്റ് മൂന്ന് പ്രതികളെയും റിമാൻഡ് ചെയ്തു.
കരീംനഗർ എംപിയാണ് സഞ്ജയ് കുമാർ. ചൊവ്വാഴ്ച അർധരാത്രിക്കുശേഷം സഞ്ജയ്കുമാറിന്റെ വസതിയിലെത്തിയ പൊലീസിനെ തടയാൻ അനുയായികൾ ശ്രമിച്ചത് സംഘർഷമുണ്ടാക്കി. ചൊവ്വാഴ്ച എസ്എസ്സി ഹിന്ദി പരീക്ഷ നടക്കുന്നതിടെയാണു ചോദ്യക്കടലാസ് ഒരു വിദ്യാർത്ഥിയുടെ വാട്സാപ്പിൽ പ്രത്യക്ഷപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടു മുൻ ടിവി റിപ്പോർട്ടർ, ഒരു ലാബ് അസിസ്റ്റന്റ് എന്നിവരാണ് ആദ്യം അറസ്റ്റിലായത്. തുടർന്ന് സഞ്ജയ് കുമാറും മറ്റൊരാളും കൂടി പിടിയിലായി. കേസിൽ ആകെ 10 പേരാണു പ്രതികൾ.
തിങ്കളാഴ്ചയാണ് എസ്എസ്സി പരീക്ഷ ആരംഭിച്ചത്. ആ ദിവസത്തെ പരീക്ഷ നടക്കുന്നതിനിടെ ഒരു സ്കൂളിൽ ഇൻവിജിലേറ്റർ ചോദ്യക്കടലാസിന്റെ ഫോട്ടോയെടുത്തു സഹഅദ്ധ്യാപകനു വാട്സാപിൽ പങ്കിട്ട സംഭവത്തിൽ 4 ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. പിറ്റേന്നും ഇതേപോലെ ചോദ്യക്കടലാസ് ചോർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കാൻ പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണു കേസ്. സഞ്ജയ് കുമാർ രണ്ടാം പ്രതിയുമായി നടത്തിയ വാട്സാപ് ചാറ്റ് ഇതിനു തെളിവായി.