- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് ഇഡിയോട് സുപ്രീം കോടതി; കോൺഗ്രസ് സർക്കാരിനെ കള്ളക്കേസിൽ കുടുക്കാൻ ഇഡി നിയന്ത്രണം വിട്ടു പ്രവർത്തിക്കുന്നുവെന്ന് കപിൽ സിബൽ
ന്യൂഡൽഹി: ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കരുതെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് നിർദ്ദേശം നൽകി സുപ്രീം കോടതി. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് 2000 കോടിയുടെ കള്ളപ്പണ കേസിൽ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെ ഇഡി കുടുക്കാൻ ശ്രമിക്കുകയാണെന്ന ഛത്തീസ്ഗഢ് സർക്കാരിന്റെ പരാതി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, എ. അമാനുല്ല എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
കോൺഗ്രസ് നയിക്കുന്ന സർക്കാരിനെ കള്ളക്കേസിൽ കുടുക്കാൻ ഇഡി നിയന്ത്രണം വിട്ടു പ്രവർത്തിക്കുകയാണെന്ന് സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വ്യക്തമാക്കി. അന്വേഷണ സമയത്ത് എക്സൈസ് ഉദ്യോഗസ്ഥരെ ശാരീരികമായും മാനസികമായും ഇഡി പീഡിപ്പിക്കുകയായിരുന്നുവെന്നും സിബൽ ആരോപിച്ചു.
ഇഡി ഉദ്യോഗസ്ഥർ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണെന്ന് 52 എക്സൈസ് ഉദ്യോഗസ്ഥർ പരാതി നൽകിയതായി സർക്കാർ ആരോപിച്ചു. എന്നാൽ ഇഡി അവരുടെ ജോലി നിർവഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അഴിമതിയിൽ അന്വേഷണം നടത്തേണ്ടത് ഇഡിയുടെ ഉത്തരവാദിത്തമാണെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുവേണ്ടി ഹാജരായ അഭിഭാഷകൻ എസ്.വി. രാജു ചൂണ്ടിക്കാട്ടി.
2019 - 2022 കാലത്ത് നടന്ന മദ്യനയ ക്രമക്കേടുകളിലാണ് ഇഡിയുടെ അന്വേഷണം. മദ്യവിൽപ്പനയ്ക്കുള്ള സംസ്ഥാന ഏജൻസിയായ സിഎസ്എംസിഎൽ, ഡിസ്റ്റിലറികളിൽനിന്ന് കൈക്കൂലി വാങ്ങിയിരുന്നെന്നും കണക്കിൽപ്പെടാത്ത നാടൻ മദ്യത്തിന്റെ വിൽപ്പന സംസ്ഥാനത്ത് നടന്നുവെന്നുമാണ് ഇഡിയുടെ നിലപാട്.
മറുനാടന് മലയാളി ബ്യൂറോ