- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗരവ് ഗാംഗുലിയുടെ സുരക്ഷ വർധിപ്പിച്ച് പശ്ചിമ ബംഗാൾ സർക്കാർ; ഇസെഡ് കാറ്റഗറി സുരക്ഷ ലഭ്യമാകുമെന്ന് കൊൽക്കത്ത പൊലീസ്
കൊൽക്കത്ത: മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ സുരക്ഷ വർധിപ്പിച്ച് പശ്ചിമ ബംഗാൾ സർക്കാർ. സൗരവ് ഗാംഗുലിയുടെ സുരക്ഷ 'വൈ' കാറ്റഗറിയിൽ നിന്ന് 'ഇസെഡ്' കാറ്റഗറി ആയാണ് ഉയർത്തിയത്. ഇസെഡ് കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ ഗാംഗുലിക്ക് എട്ട് മുതൽ പത്ത് വരെ പൊലീസുകാരുടെ സുരക്ഷയാണ് ലഭ്യമാകുക. സൗരവ് ഗാംഗുലിക്ക് നൽകിയിരുന്ന വൈ കാറ്റഗറി സുരക്ഷ അവസാനിച്ച പശ്ചാത്തലത്തിൽ ചേർന്ന പുനരാലോചനാ സമിതി യോഗത്തിലാണ് ഇസെഡ് കാറ്റഗറി സുരക്ഷ നൽകാനുള്ള പുതിയ തീരുമാനം.
വൈ കാറ്റഗറി സുരക്ഷയുണ്ടായിരുന്നപ്പോൾ സ്‌പെഷൽ ബ്രാഞ്ചിൽ നിന്നുള്ള മൂന്ന് പൊലീസുകാരുടെ സേവനം ഗാംഗുലിക്കും മൂന്ന് പൊലീസുകാരുടെ സേവനം ഗാംഗുലിയുടെ ബെഹാലയിലുള്ള വീടിനും ലഭ്യമാക്കിയിരുന്നു. ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിന്റെ ഡയറക്ടർ പദവി വഹിക്കുകയാണ് ഗാംഗുലി ഇപ്പോൾ. ഇതിനുശേഷം 21ന് കൊൽക്കത്തയിൽ തിരിച്ചെത്തുമ്പോൾ മുതൽ ഗാംഗുലിക്ക് ഇസെഡ് കാറ്റഗറി സുരക്ഷ ലഭ്യമാകുമെന്ന് കൊൽക്കത്ത പൊലീസ് അറിയിച്ചു.
ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജി, ഗവർണർ സി വി ആനന്ദബോസ്, തൃണമൂൽ എംപിയും ദേശീയ സെക്രട്ടറിയുമായ അഭിഷേക് ബാനർജി എന്നിവർക്ക് ഇസെഡ് പ്ലസ് സുരക്ഷയാണുള്ളത്. മന്ത്രിമാർക്കും ഇസെഡ് കാറ്റഗറി സുരക്ഷ നൽകുമ്പോൾ ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജൂംദാറിന് സിഐഎസ്എഫ് ജവാന്മാരുടെ സുരക്ഷക്കൊപ്പം ഇസെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് നൽകുന്നത്.
ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞശേഷം ഐപിഎൽ ചെയർമാൻ സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും ഗാംഗുലി അത് നിരസിക്കുകയായിരുന്നു. പിന്നീടാണ് ബിസിസിഐ പ്രസിഡന്റാവുന്നതിന് മുമ്പ് വഹിച്ച ഡൽഹി ക്യാപിറ്റൽസിന്റെ മെന്റർ സ്ഥാനത്തേക്ക് ഗാംഗുലി തിരിച്ചെത്തിയത്.
മറുനാടന് മലയാളി ബ്യൂറോ