മുംബൈ: അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിമിന്റെ പേരിൽ തനിക്കും കുടുംബത്തിനും ഭീഷണി സന്ദേശം ലഭിച്ചതായി നർകോട്ടിക്‌സ് കൺട്രോൾ ബ്യുറോ മുംബൈ സോൺ മുൻ മേധാവി സമീർ വാങ്കഡെ. വ്യാജ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് തനിക്ക് ഭീഷണി സന്ദേശം ലഭിച്ചതെന്ന് സമീർ വാങ്കഡെ മുംബൈ പൊലീസിനെ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണെന്നാണ് വിവരം. താനും കുടുംബവും ആക്രമിക്കപ്പെട്ടാൽ ആരാണ് ഉത്തരവാദിയെന്നും സമീർ പൊലീസിനോടെ ചോദിച്ചെന്നാണ് സൂചന. ലഹരിമരുന്ന് കേസിൽനിന്ന് ആര്യൻ ഖാനെ ഒഴിവാക്കാൻ പിതാവും ബോളിവുഡ് താരവുമായ ഷാറുഖ് ഖാനിൽനിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടതിനു സമീർ വാങ്കഡെയ്‌ക്കെതിരെ കേസുണ്ട്.

ചർച്ചയിൽ 18 കോടിക്ക് ധാരണയായെന്നും ആദ്യഗഡുവായി 50 ലക്ഷം വാങ്ങിയെന്നും സിബിഐ എഫ്‌ഐആറിൽ വ്യക്തമാക്കിയിരുന്നു. 2021 ഒക്ടോബർ മൂന്നിനാണ് ആഡംബര കപ്പിൽ നിന്ന് ലഹരിമരുന്ന് കേസിൽ ആര്യൻ ഖാനെ, എൻസിബി അറസ്റ്റ് ചെയ്തത്.

സിബിഐ എഫ്‌ഐആറിനെതിരെ ഹൈക്കോടതിയെ സമീപിച്ച സമീർ വാങ്കഡെയ്ക്ക് 22 വരെ മുംബൈ ഹൈക്കോടതി അറസ്റ്റിൽനിന്നു സംരക്ഷണം അനുവദിച്ചിരുന്നു. പിന്നീട് അത് ജൂൺ 8 വരെ നീട്ടി. അതിനിടെ ലഹരിമരുന്ന് കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായ സമയത്ത്, തന്റെ മകനെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് ഷാറുഖ് ഖാൻ നടത്തിയ ചാറ്റുകൾ സമീർ വാങ്കഡെ പുറത്തുവിട്ടിരുന്നു.