ന്യൂഡല്‍ഹി: വഖഫ് നിയമ ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യാനുള്ള സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) യുടെ ആദ്യ യോഗം ഓഗസ്റ്റ് 22ന് ചേരും. ബിജെപി എംപി ജഗദാംബിക പാലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ന്യൂനപക്ഷകാര്യ മന്ത്രാലയ പ്രതിനിധികള്‍ ബില്ലിനെക്കുറിച്ചും നിര്‍ദിഷ്ട ഭേദഗതികളെക്കുറിച്ചും സമിതിയെ അറിയിക്കും. നിയമ മന്ത്രാലയത്തിന്റെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും.

ബില്‍ പരിശോധിക്കുന്ന സമിതിയില്‍ ലോക്‌സഭയില്‍നിന്ന് 21 അംഗങ്ങളും രാജ്യസഭയില്‍നിന്ന് 10 അംഗങ്ങളുമാണുള്ളത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചിരുന്നെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് ജെപിസിക്ക് വിട്ടിരുന്നു.

നിലവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ കൊണ്ടുവരുന്നതാണ് ബില്ല്. വഫഖ് കൗണ്‍സിലുകളിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും ഇനി മുതല്‍ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുക, യുപിഎ സര്‍ക്കാരിന്റെ കാലത്ത് വഖഫ് ബോര്‍ഡുകള്‍ക്ക് നല്‍കിയ കൂടുതല്‍ അധികാരം എടുത്തുക കളയുക എന്നിവയാണ് ബില്ലിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.