ചെന്നൈ: ചെന്നൈയിൽ കനത്ത മഴ തുടരുന്നു. രാത്രിയോടെ മഴ ശക്തമായതോടെ പ്രധാന റോഡുകളിലെല്ലാം വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. പലയിടത്തും മരങ്ങൾ കടപുഴകി വീണു. റോഡുകളിൽ വെള്ളം കയറിയും മരം കടപുഴകിവീണും തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ അധികൃതർ നടത്തുന്നുണ്ട്.

ചൊവ്വാഴ്ചവരെ ചെന്നൈയിൽ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ഇന്റർനെറ്റ് കേബിളുകളടക്കം വിച്ഛേദിക്കപ്പെട്ടിട്ടുണ്ട്. തമിഴ്‌നാട്ടിലെ 13 ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് തിങ്കളാഴ്ച രാവിലെ ചെന്നൈയിൽ ഇറങ്ങേണ്ട ആറ് രാജ്യാന്തര വിമാനങ്ങൾ ബെംഗളൂരുവിലേക്ക് വഴിതിരിച്ചുവിട്ടു. രാജ്യാന്തര വിമാനങ്ങളടക്കം നിരവധി വിമാനങ്ങൾ പുറപ്പെടാൻ വൈകുന്നുണ്ട്.

അതേസമയം കനത്ത മഴയെത്തുടർന്ന് നാല് ജില്ലകളിലെ സ്‌കൂളുകൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് ജില്ലകളിലാണ് സ്‌കൂളുകൾക്ക് അവധി.