അഹമ്മദാബാദ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസിൽനിന്ന് തന്നെ ഒഴിവാക്കണമെന്ന മുൻ ഡിജിപി ആർ.ബി.ശ്രീകുമാറിന്റെ ഹർജി കോടതി തള്ളി. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് കൃത്രിമമായി തെളിവുകളുണ്ടാക്കിയെന്ന കേസിലാണ് മലയാളിയായ ശ്രീകുമാർ ഹർജി സമർപ്പിച്ചത്.

താൻ നിരപരാധിയാണെന്നും കൃത്യമായ ഒരു ആരോപണവും എഫ്‌ഐആറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും ശ്രീകുമാർ കോടതിയെ അറിയിച്ചു. കലാപത്തെക്കുറിച്ച് അന്വേഷിച്ച നാനാവതി കമ്മിഷനിലും തനിക്കെതിരെ റിപ്പോർട്ടില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ ശ്രീകുമാറിനെ കേസിൽനിന്ന് ഒഴിവാക്കാൻ സാധിക്കില്ലെന്നും പ്രഥമദൃഷ്ട്യാ വ്യക്തമായ തെളിവുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചു.

മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സഞ്ജയ് ഭട്ട്, സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ് എന്നിവർക്കെതിരെയാണ് അഹമ്മദാബാദ് ക്രൈംബ്രാഞ്ച് ക്രിമിനൽ ഗൂഢാലോചന, വ്യാജരേഖകൾ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ആരോപിച്ച് കേസെടുത്തത്.