കൊൽക്കത്ത: ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ മമതാ ബാനർജിക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി. സംഭവത്തിൽ സിബിഐ അന്വേഷണം നടത്തണമെന്ന് കൽക്കട്ട ഹൈക്കോടതി ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് സംഘർഷത്തിൽ ജൂലൈ ഏഴിനകം അന്വേഷണ റിപ്പോർട്ട് നൽകണമെന്ന് ജസ്റ്റിസ് അമൃത സിൻഹ സിബിഐയോട് നിർദേശിച്ചു.

സംസ്ഥാനത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ട അക്രമസംഭവങ്ങളിൽ കൽക്കട്ട ഹൈക്കോടതി നിരാശ രേഖപ്പെടുത്തി. അക്രമങ്ങൾ തുടരുകയാണെങ്കിൽ ബംഗാളിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ നിർത്തിവയ്ക്കേണ്ടി വരുമെന്ന് വാദത്തിനിടെ കോടതി അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പുകളിൽ അക്രമസംഭവങ്ങളും ക്രമക്കേടും തുടരുന്നത് സംസ്ഥാനത്തിന് നാണക്കേടാണ്. തെരഞ്ഞെടുപ്പ് കമ്മിഷനുകൾ എന്താണ് ചെയ്യുന്നതെന്നും ജസ്റ്റിസ് സിൻഹ ചോദിച്ചു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന ദിവസമായ ജൂൺ 15 ന് ബിജയ്ഗഞ്ച് ബസാറിൽ അക്രമങ്ങൾ നടക്കുകയും വാഹനങ്ങൾ കത്തിക്കുകയും ചെയ്തിരുന്നു.