മുംബൈ: പ്രതിപക്ഷ നേതാവായി തുടരാൻ ആകില്ലെന്നും ഏതെങ്കിലും തരത്തിലുള്ള പാർട്ടി ചുമതലകൾ ആണ് താൽപര്യമെന്നുമുള്ള അജിത് പവാറിന്റെ പ്രഖ്യാപനത്തിൽ പ്രതികരിച്ച് എൻ.സി.പി നേതാവും ശരദ്പവാറിന്റെ മകളുമായ സുപ്രിയ സുലെ.

അജിത് പവാറിന്റെ അനന്തരവൾ കൂടിയായ സുപ്രിയയെ അടുത്തിടെ എൻ.സി.പിയുടെ വർക്കിങ് പ്രസിഡന്റായി നിയമിച്ചിരുന്നു. പാർട്ടിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അതേസമയം, ഒരു സഹോദരങ്ങളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകണമെന്നാണ് എല്ലാ സഹോദരിമാരും ആഗ്രഹിക്കുകയെന്നും സുപ്രിയ പറഞ്ഞു.

എൻ.സി.പി പ്രസിഡന്റ് സ്ഥാനമാണ് അജിത് പവാറിന്റെ ലക്ഷ്യം. മുംബൈയിൽ നടന്ന നാഷ്ണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ 24ാം സ്ഥാപകദിന പരിപാടിയിലാണ് അജിത് പവാറിന്റെ മനസിലിരുപ്പ് തുറന്നുപറഞ്ഞത്.

എംഎ‍ൽഎമാരുടെ ആവശ്യപ്രകാരമാണ് പ്രതിപക്ഷനേതാവായി പ്രവർത്തിച്ചതെന്നും ഒരിക്കലും തുടരാൻ ആഗ്രഹിക്കുന്ന സ്ഥാനമല്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ഏൽപിക്കുന്ന ഏത് പദവിയും ഭംഗിയായി നീതി പൂർവമായി ചുമതല വഹിക്കാൻ കഴിയുമെന്നും പാർട്ടി നേതൃത്വമാണ് ഇക്കാര്യത്തിൽ ഒരു തീരുമാനം പറയേണ്ടതെന്നും അജിത് പവാർ പറഞ്ഞു.

എം വിഎ സർക്കാർ കാലത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ ശിവസേനയിലെ കലാപാനന്തരം സർക്കാർ വീണതിനെത്തുടർന്ന് കഴിഞ്ഞ ജൂലൈയിലാണ് പവാർ പ്രതിപക്ഷ നേതാവായി ചുമതലയേറ്റത്.