ബംഗളൂരു: കർണാടകയിൽ വളർത്തുനായയെ കടിച്ചുകൊന്ന പുലിയെ വകവരുത്തിയ കർഷക തൊഴിലാളി അറസ്റ്റിൽ. കർഷക തൊഴിലാളിയെ വനംവകുപ്പ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ബന്ദിപ്പൂരിന് സമീപം കൂറ്റനൂർ ഗ്രാമത്തിലാണ് സംഭവം.

ജി ആർ ഗോവിന്ദരാജുവിന്റെ കൃഷിയിടത്തിലെ തൊഴിലാളിയായ രമേശിനെയാണ് അറസ്റ്റ് ചെയ്തത്. കൃഷിയിടത്തിൽ കണ്ടെത്തിയ പുലിയുടെ ജഡവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് രമേശ് പിടിയിലായത്.

നാലുദിവസം മുൻപാണ് രമേശിന്റെ വളർത്തുനായയെ പുലി കൊന്നുതിന്നത്. വളർത്തുനായയെ ഏറെ സ്നേഹിച്ചിരുന്ന രമേശിന് ഇത് സഹിക്കാൻ കഴിഞ്ഞില്ല. ഇതിന്റെ പ്രതികാരമെന്നോണമാണ് രമേശ് പുലിയെ കൊന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.

പുലി വളർത്തുനായയുടെ ജഡം ഉപേക്ഷിച്ച് പോയ സ്ഥലത്ത് രമേശ് എത്തി. പാതി തിന്ന നിലയിലായിരുന്നു വളർത്തുനായയുടെ ജഡം. ഭക്ഷിക്കാൻ വീണ്ടും വരുമെന്ന് നിഗമനത്തിൽ, വളർത്തുനായയുടെ ജഡത്തിൽ രമേശ് കീടനാശിനി തളിച്ചു. തിരിച്ചെത്തി വളർത്തുനായയുടെ ശേഷിക്കുന്ന ശരീരഭാഗങ്ങൾ തിന്ന പുലിക്ക് ജീവൻ നഷ്ടമാകുകയായിരുന്നുവെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.