കൊൽക്കത്ത: പശ്ചിമബംഗാളിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ കടയിൽ ചായവിറ്റ് സംസ്ഥാന മുഖ്യമന്ത്രി മമത ബാനർജി. ചായക്കടയിൽ മുഖ്യമന്ത്രി പ്രത്യക്ഷപ്പെട്ടത് ജനങ്ങൾക്ക് കൗതുകമായി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ജയ്പൽഗുരിയിലെ മാൽബസാറിലെ റോഡരികിലെ ചായക്കടയിൽ മമത ബാനർജി എത്തിയത്.

മമത ട്രേയിൽ ചായക്കപ്പുകൾ നിരത്തുന്നതും ചായക്കടയിലെ സ്ത്രീയ്ക്ക് ചായ ഒഴിക്കുന്നതിനിടെ നിർദേശങ്ങൾ നൽകുന്നതും ചായ ഗ്ലാസുകളിൽ പകരുന്നതുമായ ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ എഎൻഐ ട്വിറ്ററിൽ പങ്കുവെച്ചു.

ബിജെപിയുടെ നിർദേശപ്രകാരം ബിഎസ്എഫ് വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് തിങ്കളാഴ്ച ആരോപിച്ച മമത ബിഎസ്എഫിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പൊലീസിന് നിർദ്ദേശം നൽകുകയും ചെയ്തു.

പ്രാദേശിക ഭരണകൂടം അഴിമതിവിമുക്തമാക്കുമെന്നും മമത ഉറപ്പുനൽകി. പാർട്ടിയുടെ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ ജനങ്ങളുടെ അഭിപ്രായത്തിന് പ്രാഥമിക പരിഗണന നൽകിയതായും അവർ പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിലും 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലും ബിജെപിയെ പരാജയപ്പെടുത്തുമെന്നും മമത പ്രസ്താവിച്ചു.

ജൂലായ് എട്ടിന് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രഖ്യാപനം വന്നതുമുതൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയസംഘർഷങ്ങൾ നടക്കുന്നുണ്ട്. ഇതേത്തുടർന്ന് സംഘർഷം രൂക്ഷമായ ഏഴ് ജില്ലകളിൽ കേന്ദ്ര അർധസൈനിക വിഭാഗങ്ങളെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഹൈക്കോടതി നിർദേശത്തെ സുപ്രീം കോടതി ശരിവെക്കുകയും സംസ്ഥാനസർക്കാർ സമർപ്പിച്ച ഹർജി തള്ളുകയും ചെയ്തു.