കൊപ്പൽ: കൈകാണിച്ചിട്ടും ബസുകളൊന്നും നിർത്താത്തതിൽ ദേഷ്യംപിടിച്ച് കല്ലെടുത്തെറിഞ്ഞ യുവതിക്ക് 5,000 രൂപ പിഴശിക്ഷ. കർണാടകയിൽ കൊപ്പൽ ജില്ലയിലാണ് സംഭവം. അമ്പലത്തിൽ പോകാൻ ഇറങ്ങി ബസ് കാത്ത് നിന്ന് മടുത്ത ലക്ഷ്മി എന്ന സ്ത്രീയാണ് അറ്റകൈ പ്രയോഗം നടത്തിയത്. കല്ല് കൊണ്ട് ബസിന്റെ ചില്ല് പൊട്ടുകയും ചെയ്തു. 5000 രൂപയാണ് ഇവർക്ക് പിഴ ശിക്ഷയായി ലഭിച്ചത്.

കൊപ്പലിൽനിന്ന് ഹൂഗ്ലിയിലേക്ക് ഹുലിഗെമ്മ ക്ഷേത്ര ദർശനത്തിന് പോകാനാണ് ലക്ഷ്മി വീട്ടിൽനിന്ന് ഇറങ്ങിയത്. ഒരുപാട് നേരം കാത്തു നിന്നിട്ടും ബസുകൾ ഒന്നും വന്നില്ലെന്നും, വന്ന ബസ് നിർത്തിയില്ലെന്നും ഇവർ പറയുന്നു. അങ്ങിനെയാണ് അടുത്തതായി വന്ന ബസിനുനേരേ കല്ലെടുത്ത് എറിഞ്ഞത്. ചില്ല് പൊട്ടിയതോടെ ഡ്രൈവർ ബസ് നിർത്തുകയും ലക്ഷ്മി അതിൽ കയറുകയും ചെയ്തു. എന്നാൽ ഡ്രൈവർ നേരെ പൊലീസ് സ്റ്റേഷനിലേക്കാണ് ബസ് കൊണ്ടുപോയത്.

മുനീർബാദ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം ഇവരുടെപേരിൽ കേസെടുക്കാനാണ് ഡ്രൈവർ ആവശ്യപ്പെട്ടത്. എന്നാൽ ബസ് ഡിപ്പോയിൽനിന്ന് അറിയിച്ചതനുസരിച്ച് പിഴ ശിക്ഷ നൽകുകയായിരുന്നു. തുടർന്ന് ഇവർ മാപ്പ് പറയുകയും 5,000 രൂപ പിഴ അടക്കുകയും ചെയ്തു. പിന്നീട് അതേ ബസിൽ തന്നെ അവരുടെ ഗ്രാമമായ ഇൽക്കലിലേക്ക് പോകുകയും ചെയ്തു.

ലക്ഷ്മിയും കൂട്ടരും ബസ് കാത്ത് നിന്നത് എതിർവശത്തായിരുന്നു എന്നാണ് സംഭവത്തെ കുറിച്ച് ബസ് കണ്ടക്ടർ പറയുന്നത്. ഹൊസപേട്ടയിലേക്ക് പോകുകയായിരുന്നു ബസ്. ലക്ഷ്മിയും കൂട്ടരും ഇൽക്കലിലേക്ക് പോകുന്ന വശത്താണ് നിന്നത്. തങ്ങളുടേത് നോൺ സ്റ്റോപ്പ് ബസായതുകൊണ്ട് എല്ലാ സ്റ്റോപ്പിലും ബസ് നിർത്താനും സാധിക്കില്ലെന്നും ഡ്രൈവർ പറയുന്നു.

സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ കർണാടകയിൽ സ്ത്രീകളുടെ സൗജന്യ ബസ് യാത്രക്കായി ശക്തി സ്‌കീം അവതരിപ്പിച്ചിരുന്നു. അതിനുശേഷം കനത്ത തിരക്കാണ് ബസുകളിലെന്നാണ് ജീവനക്കാർ പറയുന്നത്.