കൊൽക്കത്ത: മോശം കാലാവസ്ഥയെ തുടർന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഹെലികോപ്റ്റർ അടിയന്തിരമായി നിലത്തിറക്കി. സിലിഗുരിക്കു സമീപം സെവോകെ എയർ ബേസിൽ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് ഹെലികോപ്റ്റർ അടിയന്തിര ലാൻഡിങ് നടത്തിയത്.

മമതയുടെ കാൽമുട്ടിനും നടുവിനും ചെറിയ പരുക്കുകളുണ്ട്. ജൽപായ്ഗുരിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത ശേഷം ബഗ്‌ദോഗ്ര വിമാനത്താവളത്തിലേക്ക് തിരികെ വരുമ്പോഴാണ് സംഭവം.

ബൈകുന്ദാപുർ വനമേഖലയ്ക്കു മുകളിലൂടെ പറക്കുമ്പോഴാണ് കാലാവസ്ഥ മോശമായത്. വനമേഖലയിൽ കനത്ത മഴയായിരുന്നെന്നും തുടർന്ന് അടിയന്തിരമായി ഹെലികോപ്റ്റർ ഇറക്കാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നെന്നും അധികൃതർ അറിയിച്ചു.

തുടർന്ന് ബഗ്‌ദോഗ്രയിലേക്ക് റോഡ് മാർഗം പോയ മമത അവിടെനിന്ന് വിമാന മാർഗം കൊൽക്കത്തയിലെത്തുമെന്നും മമതയുടെ അടുത്ത വൃത്തങ്ങൾ അറിയിച്ചു. ജൂലൈ എട്ടിന് നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചരണത്തിലാണ് മമത.