- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്; ദ്വിദിന സന്ദർശന പരിപാടി പ്രഖ്യാപിച്ചു; സമാധാനം തിരികെ കൊണ്ടുവരാൻ സ്നേഹസ്പർശം ആവശ്യമെന്ന് കോൺഗ്രസ്
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംഘർഷം തുടരന്ന മണിപ്പൂർ സന്ദർശിക്കും. രണ്ട് ദിവസത്തെ സന്ദർശനമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 29, 30 തീയതികളിലാണ് സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്. മണിപ്പൂർ കലാപം പ്രതിരോധിക്കുന്നതിൽ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും പരാജയപ്പെട്ടെന്ന വിമർശനം പ്രതിപക്ഷം കടുപ്പിച്ചിരിക്കുകയാണ്. സമാധാനം തിരികെ കൊണ്ടുവരാൻ സ്നേഹസ്പർശം ആവശ്യമാണെന്ന് രാഹുലിന്റെ സന്ദർശനത്തെ കുറിച്ച് കോൺഗ്രസ് പ്രതികരിച്ചു.
പാറ്റ്‌നയിൽ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഈ വിഷയം പ്രാധാന്യത്തോടെ ഉയർന്ന് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാവ് കലാപ ബാധിത മേഖല സന്ദർശിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല. അമിത് ഷായാണ് മേഖലയിലെ സമാധാന ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.
മണിപ്പൂരിൽ കലാപത്തിന് തീവ്രവാദ സംഘങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ടോ എന്നതിൽ ആശങ്ക കൂടുന്ന സാഹചര്യമാണ്. മ്യാന്മറിലും ബംഗ്ലാദേശിലും പ്രവർത്തിക്കുന്ന തീവ്രവാദ സംഘങ്ങൾ മെയ്തി, കുക്കി വിഭാഗങ്ങൾക്ക് ഒപ്പം ചേർന്നോ എന്നാണ് ആശങ്ക. കലാപം രൂക്ഷമായ ബിഷ്ണുപൂർ, സുഗ്‌നു മേഖലകളിൽ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. കലാപത്തിനിടെ പിടിയിലായവരിൽ ചിലർ കെ.വൈ.കെ.എൽ, യു.എൻ.എൽ.എഫ് സംഘാഗങ്ങൾ ആണെന്നാണ് വിവരം.
ഇന്നലെ പ്രധാനമന്ത്രിയും ആഭ്യന്ത്ര മന്ത്രി അമിത് ഷായും തമ്മിൽ കൂടിക്കാഴ്ച നടത്തിയപ്പോൾ പ്രധാന വിഷയം മണിപ്പൂരിൽ കലാപമായിരുന്നു. മണിപ്പൂരിൽ കലാപം തുടരുന്നതിനെ കുറിച്ചാണ് വിദേശ പര്യടനത്തിന് ശേഷം മടങ്ങിയെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചത്. അരമണിക്കൂറിലെറെ കൂടിക്കാഴ്ച നീണ്ടു.
സംസ്ഥാനത്ത് പരസ്പരം പോരടിക്കുന്ന മെയ്തി, കുക്കി വിഭാഗങ്ങളുമായി സമാധാന ചർച്ച തുടരാനാണ് മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിംഗിന് അമിത് ഷാ നൽകിയ നിർദ്ദേശം. പ്രതിഷേധിക്കുന്ന വനിതാ സംഘടന മെയ്‌ര പെയ്ബിസിനെ ചർച്ചക്ക് വിളിക്കാനും അമിത്ഷാ നിർദ്ദേശിച്ചിരുന്നു. വേണ്ടി വന്നാൽ അമിത്ഷാ സംഘടന പ്രതിനിധികളെ പ്രത്യേകം കാണാനും ആലോചിക്കുന്നുണ്ട്. കൂടുതൽ സേനകളെ തൽക്കാലം അയക്കേണ്ടെന്നും, നിലവിലെ സേനാവിന്യാസം തൃപ്തികരമാണെന്നുമാണ് വിലയിരുത്തൽ.




