ലഖ്നൗ: പ്രധാനമന്ത്രിയുടെ മേരെ ബൂത്ത് സബ്സെ മജ്ബൂത്ത് എന്ന പരിപാടി പാർട്ടി പ്രവർത്തകർക്ക് പുത്തൻ ഊർജ്ജം പകരുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാശ്രയവും വികസിതവുമായ ഭാരതത്തെ കെട്ടിപ്പടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം 'മേരെ ബൂത്ത് സബ്സെ മജ്ബൂത്ത്' എന്ന ക്യാമ്പയിനെക്കുറിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്.

'സ്വാശ്രയവും വികസിതവുമായ ഇന്ത്യ എന്ന സ്വപ്നം സാക്ഷാത്കരിക്കും. കൂടാതെ, ഇന്ത്യൻ ജനാധിപത്യത്തെ കൂടുതൽ പങ്കാളിത്തമുള്ളതുമാക്കും എന്നതായിരുന്നു മേരെ ബൂത്ത് സബ്സെ മജ്ബൂത്ത് ക്യാമ്പയിനിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം.'- യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു. ഭോപ്പാലിൽ ബിജെപി സംഘടിപ്പിച്ച മേരെ ബൂത്ത് സബ്സെ മജ്ബൂത്ത് എന്ന പരിപാടി പ്രവർത്തകർക്ക് പ്രചോദനകരമാകുമെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

പരിപാടിയിൽ മുത്തലാഖ് നിരോധനത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി പരാമർശിച്ചിരുന്നു. ഭരണഘടന തുല്യത ഉറപ്പു വരുത്തുമ്പോൾ ഒരു രാജ്യത്ത് രണ്ട് തരം നിയമം പ്രായോഗികമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒരേ കുടുംബത്തിലെ അംഗങ്ങൾക്ക് രണ്ട് നിയമം ബാധകമാക്കുന്നത് അംഗീകരിക്കാനാകില്ല. അതിനാൽ ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പിലാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.