ലഖ്നോ: വീട്ടുകാരുടെ അനുമതിയില്ലാതെ കാമുകനെ വിവാഹം കഴിച്ച യുവതിയെ കുടുംബാംഗം വെടിവെച്ചുകൊന്നു. ഒരു വർഷം മുൻപ് യുവതി ഒളിച്ചോടി പോകുകയും കാമുകനെ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ബുധാന പൊലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ചയായിരുന്നു സംഭവം.

മുസാഫർനഗറിലെ അലിപൂർ ഗ്രാമവാസിയായ ഫർഹാനയാണ് കൊല്ലപ്പെട്ടത്. കോടതിയെ സമീപിച്ച് വിവാഹിതരായ ഫർഹാനയും പങ്കാളിയും അടുത്തിടെയാണ് ഗ്രാമത്തിലേക്ക് തിരിച്ചെത്തിയത്. ബുധനാഴ്ച മരുന്ന് വാങ്ങാൻ പോകുന്നതിനിടെ പിന്തുടർന്നെത്തിയ പ്രതി യുവതിയെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയെന്നും ദുരഭിമാനക്കൊലയാണോ എന്ന് സംശയിക്കുന്നുണ്ടെന്നും ഡെപ്യൂട്ടി എസ്‌പി വിനയ് ഗൗതം അറിയിച്ചു.

അക്രമത്തിന്് പിന്നാലെ പ്രതി ഒളിവിലാണ്. ഫർഹാനയും പങ്കാളിയുമൊത്തുള്ള വിവാഹത്തിന് കുടുംബം നേരത്തെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെ മറികടന്ന് ഇരുവരും വിവാഹിതരായതാണ് കുടുംബത്തെ പ്രകോപിപ്പിച്ചത്.