ചെന്നൈ: തിയേറ്ററുകളിൽ തരംഗമായി മാറിയ മാമന്നന്റെ വൻ വിജയത്തിന് പിന്നാലെ സംവിധായകൻ മാരി സെൽവരാജിന് മിനി കൂപ്പർ കാർ സമ്മാനമായി നൽകി ഉദയനിധി സ്റ്റാലിൻ. റിലീസ് കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയ ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ, വടിവേലു, ഫഹദ് ഫാസിൽ, കീർത്തി സുരേഷ് തുടങ്ങിയവരാണ് അഭിനയിക്കുന്നത്. ഡിഎംകെ മന്ത്രിസഭയിൽ അംഗമായ ഉദയനിധി സ്റ്റാലിന്റെ അവസാനചിത്രം കൂടിയാണ് മാമന്നൻ.

പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് മാമന്നൻ. കാത്തിരിപ്പുകൾക്ക് ഒടുവിൽ രണ്ട് ദിവസം മുൻപ് തിയറ്ററിൽ എത്തിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതുവരെ കാണാത്ത കഥാപാത്രവുമായി വടിവേലുവും ഫഹദ് ഫാസിലും കസറിയ ചിത്രത്തിൽ ഉദയനിധി സ്റ്റാലിൻ ആണ് നായകനായി എത്തിയത്. റിലീസ് ദിനം മുതൽ മികച്ച പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മാരി സെൽവരാജ് ആണ്.

ഈ അവസരത്തിൽ സംവിധാനയകന് വിലപിടിപ്പുള്ള സമ്മാനവുമായി എത്തിയ ഉദയനിധിയുടെ വാർത്തകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബ്ലൂ നിറത്തിലുള്ള മിനി കൂപ്പർ ആണ് മാരി സെൽവരാജിന് ഉദയനിധി സമ്മാനമായി നൽകിയത്. കാർ കൈമാറുന്ന ഉദയനിധിയുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ്. മാമന്നന് പോസിറ്റീവ് ഫീഡ്ബാക്കും വൻ ബോക്സ് ഓഫീസ് വിജയവും നേടിയതിന് പിന്നാലെയാണ് സംവിധായകന് ഈ സ്‌നേഹ സമ്മാനം ലഭിച്ചിരിക്കുന്നത്.

മാമന്നന് വൻ വാണിജ്യവിജയം സമ്മാനിച്ചതിൽ മാരി സെൽവരാജിന് മിനി കൂപ്പർ കാർ സമ്മാനിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഉദയനിധി ട്വീറ്റിൽ പറഞ്ഞു. 'മാമന്നന്' ലോകം ചുറ്റാൻ ചിറകുകൾ നൽകിയ മാരി സെൽവരാജിന് നന്ദിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജൂൺ 29 വ്യാഴാഴ്ചയാണ് മാമന്നൻ തിയറ്ററിൽ എത്തിയത്. ആദ്യ രണ്ട് ദിനങ്ങളിൽ നിന്ന് ചിത്രം നേടിയത് 10 കോടി രൂപയാണെന്നാണ് വിവരം. റെഡ് ജയന്റ് മൂവീസിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഉദയനിധി സ്റ്റാലിൻ ആണ്. ചിത്രത്തിൽ വടിവേലു അവതരിപ്പിച്ച മാമന്നന്റെ മകൻ അതിവീരൻ എന്ന കഥാപാത്രത്തെ ഉദയനിധി അവതരിപ്പിച്ചിരിക്കുന്നു.

രത്‌നവേലു എന്ന വില്ലൻ കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ അവതരിപ്പിച്ചിരിക്കുന്നത്. കീർത്തി സുരേഷ് ആണ് നായിക. വടിവേലുവിന്റെയും ഫഹദ് ഫാസിലിന്റെയും പ്രകടനങ്ങളാണ് ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ലാൽ, അഴകം പെരുമാൾ, വിജയകുമാർ, സുനിൽ റെഡ്ഡി, ഗീത കൈലാസം, രവീണ രവി, ടി എൻ ബി കതിർ, പത്മൻ, രാമകൃഷ്ണൻ, മദൻ ദക്ഷിണാമൂർത്തി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

മാരി സെൽവരാജ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവ്വഹിച്ചിരിക്കുന്നത്. സംഗീതം എ ആർ റഹ്‌മാൻ, ഛായാഗ്രഹണം തേനി ഈശ്വർ, കലാസംവിധാനം കുമാർ ഗംഗപ്പൻ, എഡിറ്റിങ് സെൽവ ആർ കെ, ആക്ഷൻ കൊറിയോഗ്രഫി ദിലീപ് സുബ്ബരായൻ, ഡാൻസ് കൊറിയോഗ്രഫി സാൻഡി, വരികൾ യുഗ ഭാരതി, ഓഡിയോഗ്രഫി സുറെൻ ജി, മേക്കപ്പ് രാജ് കെന്നഡി, പബ്ലിസിറ്റി ഡിസൈൻ കബിലൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.