റായ്ബറേലി: വിവാഹദിനത്തിൽ നവവധു കാമുകനൊപ്പം ഒളിച്ചോടി. വിവരമറിഞ്ഞ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച വരന്റെ നില ഗുരുതരമായി തുടരുന്നു. റായ്ബറേലി സ്വദേശിയായ അജയ് എന്ന യുവാവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.

ഗഡഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ അസാനന്ദ്പൂർ ഗ്രാമത്തിൽ താമസിക്കുന്ന രാംനരേഷിന്റെ മകളുമായാണ് അജയുടെ വിവാഹം നിശ്ചയിച്ചിരുന്നത് . കഴിഞ്ഞ ദിവസം അജയ് വിവാഹഘോഷയാത്രയുമായി വധുവിന്റെ വീട്ടിലെത്തി. വധുവിന്റെ കുടുംബാംഗങ്ങൾ ഇവർക്കായി സ്വീകരണവും ഒരുക്കിയിരുന്നു. പിന്നാലെ മറ്റ് വിവാഹ ചടങ്ങുകൾ ആരംഭിച്ചു.

വരൻ വേദിയിൽ എത്തി ഏറെ നേരം കാത്തിരുന്നിട്ടും വധു വേദിയിൽ എത്തിയില്ല. തുടർന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് വധു കാമുകനൊപ്പം സ്ഥലം വിട്ടതായി ബന്ധുക്കൾ പറഞ്ഞത് .പിന്നാലെ ഇരു കൂട്ടരും തമ്മിൽ വാക്കുതർക്കവും , കയ്യാങ്കളിയുമായി .

തർക്കം വർദ്ധിക്കുന്നത് കണ്ട് പെൺകുട്ടിയുടെ പിതാവ് ഗഡഗഞ്ച് പൊലീസിൽ വിവരമറിയിച്ചു, പൊലീസ് എത്തിയാണ് പ്രശ്‌നം ഒത്തുതീർപ്പാക്കിയത് . തുടർന്ന് അജയും ബന്ധുക്കളും മടങ്ങിയെങ്കിലും പരിഹസിക്കപ്പെടുമോ എന്ന ഭയം മൂലം മനം നൊന്ത അജയ് വീട്ടിലെത്തി വിഷം കഴിക്കുകയായിരുന്നു.

ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും നില വഷളായതിനെ തുടർന്ന് ലക്‌നൗവിലേയ്ക്ക് മാറ്റി . അതേസമയം, പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ വധുവിന്റെ കാമുകൻ മുന്നയ്ക്കെതിരെയും കേസെടുത്തു.