ബദ്രിനാഥ്: കേദാർനാഥ് ക്ഷേത്ര സന്നിധിയിൽ വ്‌ലോഗർ ആയ യുവതി വിവാഹാഭ്യർത്ഥന നടത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ ബദ്രി കേദാർനാഥ് ക്ഷേത്ര ഭാരവാഹികൾ നൽകിയ പരാതിയിൽ കേസെടുത്ത് ഉത്തരാഖണ്ഡ് പൊലീസ്. കേദാർനാഥ് ക്ഷേത്രത്തിനുള്ളിൽ റീൽസും വീഡിയോയും ചിത്രീകരിക്കുന്നവർക്കെതിരെയും നടപടിയെടുക്കുമെന്നാണ് ഉത്തരാഖണ്ഡ് പൊലീസ് വ്യക്തമാക്കുന്നത്.

ക്ഷേത്ര പരിസരത്തെ അന്തരീക്ഷത്തെ ഇത്തരം ശ്രമങ്ങൾ പ്രതികൂലമായി ബാധിക്കുമെന്നും ക്ഷേത്രത്തിന്റെ വിശുദ്ധിക്ക് നിരക്കാത്തതുമാണ് ഇത്തരം ശ്രമങ്ങളെന്നാണ് ബികെറ്റിസി അധികൃതർ പൊലീസിന് നൽകിയ പരാതിയിൽ വിശദമാക്കുന്നത്. എന്നാൽ നിലവിൽ വ്യാപക ചർച്ചകൾക്ക് കാരണമായ വൈറൽ വിവാഹ അഭ്യർത്ഥനയേക്കുറിച്ച് കാര്യമായി പറയാതെയാണ് ക്ഷേത്ര അധികാരികളുടെ പരാതിയെന്നതും ശ്രദ്ധേയമാണ്.

യുവതി വിവാഹാഭ്യർത്ഥനകേദാർനാഥ് ക്ഷേത്രത്തിനുള്ളിൽ വച്ച് വ്‌ലോഗർ ആയ യുവതിയുടെ വിവാഹ അഭ്യർത്ഥന വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ക്ഷേത്ര സന്നിധിയിൽ സുഹൃത്തിന് മുന്നിൽ മുട്ടിൽ കുത്തി നിന്ന് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ ആണ് വൈറലായത്. നിരവധിപ്പേർ ഈ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു.

 

ഇതിന് പിന്നാലെയാണ് ക്ഷേത്ര അധികാരികൾ പൊലീസിനെ സമീപിച്ചത്. വ്‌ലോഗർമാരും ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർമാരും ക്ഷേത്രത്തിന്റെ വിശുദ്ധി നഷ്ടമാക്കുന്ന രീതിയിലാണ് വീഡിയോ ചിത്രീകരിക്കുന്നത്. കേദാർനാഥിലെത്തുന്ന വിശ്വാസി സമൂഹത്തെ വീഡിയോ ചിത്രീകരണം ബുദ്ധിമുട്ടിക്കുന്നുണ്ടെന്നാണ് ക്ഷേത്ര ഭാരവാഹികൾ പറയുന്നത്.