മുംബൈ: അജിത് പവാറിന്റെ നേതൃത്വത്തിൽ എൻസിപിയെ പിളർത്തി ഒരു വിഭാഗം എൻഡിഎയിൽ ചേക്കേറിയതിന് പിന്നാലെ മഹാരാഷ്ട്രയിൽ ശിവസേന ഷിൻഡെ വിഭാഗത്തിൽ ഭിന്നത രൂക്ഷം. എൻസിപിയുമായി ഒരു സഖ്യവും പാടില്ലെന്ന നിലപാട് കടുപ്പിച്ചാണ് ഷിൻഡെ വിഭാഗത്തിലെ ഒരു വിഭാഗം വിമത ഭീഷണി മുഴക്കുന്നത്. 15 എംഎൽഎമാർ ഉദ്ദവ് വിഭാഗവുമായി ആശയവിനിമയം നടത്തുന്നതായാണ് വിവരം. അടുത്ത പിളർപ്പ് ശിവസേനാ ഷിൻഡെ വിഭാഗത്തിൽ ഉണ്ടാവുമോ എന്നാണ് മഹാരാഷ്ട്ര രാഷ്ട്രീയം ഉറ്റുനോക്കുന്നത്.

എൻസിപി കൂടി വന്നതിനാൽ പ്രതീക്ഷിച്ച മന്ത്രിസ്ഥാനങ്ങൾ ലഭിക്കില്ലെന്ന് ഉറപ്പായതോടെ ഷിൻഡ്‌ക്കൊപ്പമുള്ള നേതാക്കൾ ഇന്നലെ പരസ്യമായി തന്നെ വിമർശനം ഉന്നയിച്ചു. ഈ സഖ്യത്തിൽ നിന്ന് ഇനി കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്ന് പറഞ്ഞ മുതിർന്ന നേതാവ് സഞ്ജയ് ഷിർസത്ത് ഇനി എന്ത് ചെയ്യണമെന്ന് ഷിൻഡെ ആലോചിക്കണമെന്ന് വരെ പറഞ്ഞു.

നേതാക്കൾ കലാപക്കൊടി ഉയർത്തുന്നത് കണ്ടതോടെയാണ് ഏക്‌നാഥ് ഷിൻഡെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദാക്കി മുംബൈയിലെത്തി രാത്രി ഒപ്പമുള്ളവരുടെ യോഗം വിളിച്ചത്. ഇനി ഭരിക്കാൻ പോവുന്നത് ട്രിപ്പിൾ എഞ്ചിൻ സർക്കാരെന്ന് വിശേഷിപ്പിച്ച് അജിത് പവാറിനെ സ്വീകരിച്ച ഷിൻഡെയുടെ നടപടിയെ അംഗങ്ങൾ വിമർശിച്ചു .എന്നാൽ യോഗത്തിന് പിന്നാലെ തർക്കങ്ങളൊന്നുമില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു നേതാക്കൾ.

അയോഗ്യതാ പ്രശ്‌നത്തിൽ സ്പീക്കറിൽ എതിർനിലപാടെടുത്താൻ എന്ത് ചെയ്യുമെന്ന ആശങ്ക ഷിൻഡെ ക്യാമ്പിലുണ്ട്. ചിലർ തിരികെ ഉദ്ദവ് ക്യാമ്പിലേക്ക് മടങ്ങാൻ ശ്രമം നടത്തുന്നതായാണ് വിവരം. അങ്ങനെ വന്നാൽ ഏക്‌നാഥ് ഷിൻഡെ ഒറ്റപ്പെടും. എന്നാൽ തന്നെ അയോഗ്യനാക്കിയാൽ അതേ നിയമപ്രകാരം അജിത് പവാറിനെയും അയോഗ്യനാക്കേണ്ടി വരുമെന്ന ആത്മവിശ്വാസമാണ് ഷിൻഡെയ്ക്കുള്ളത്.

എന്നാൽ താൻ മുഖ്യമന്ത്രി സ്ഥാനം കൊതിക്കുന്നുവെന്ന അജിത് പവാറിന്റെ പ്രസ്താവന ഷിൻഡെ ക്യാമ്പിനെ ചൊടിപ്പിച്ചിട്ടുണ്ട്. എൻസിപി വന്നതോടെ ഷിൻഡെയുടെ വിലപേശൽ ശക്തി ഏതാണ്ട് ഇല്ലാതായി. അതേസമയം ശരദ് പവാറിനെ മാറ്റി ദേശീയ അധ്യക്ഷ പദം ഏറ്റെടുത്ത അജിത് പവാറിന്റെ നീക്കത്തിനെതിരെ ശരദ് പവാർ പക്ഷം ഇതുവരെ പ്രതികരിച്ചിട്ടില്ല.