ന്യൂഡല്‍ഹി: പോലീസ് ചെക്ക് പോസ്റ്റില്‍ നിന്നുമുള്ള കൈക്കൂലിപ്പണം പങ്കിട്ടെടുക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മൂന്ന് ട്രാഫിക് പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ഗാസിപുര്‍ പോലീസ് സ്റ്റേഷന് മുന്‍പില്‍ ശനിയാഴ്ചയായിരുന്നു സംഭവം. രണ്ട് അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരെയും ഒരു ഹെഡ് കോണ്‍സ്റ്റബിളിനെയുമാണ് സസ്പെന്‍ഡ് ചെയ്തത്. കല്യാണ്‍പുരി സര്‍ക്കിളില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് ഇവരെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഒരു പോലീസുകാരന് കൈക്കൂലിയായി പണം കിട്ടുന്നതിന്റെയും അത് മറ്റ് രണ്ടുപേര്‍ക്കു കൂടി വീതംവെച്ചു നല്‍കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ചിരുന്നു. പോലീസ് ചെക്ക് പോസ്റ്റിനുള്ളില്‍വെച്ച് ഒരു യുവാവാണ് പോലീസുകാരില്‍ ഒരാള്‍ക്ക് പണം നല്‍കുന്നത്. ഈ പണം എണ്ണി നോക്കുന്നതും പിന്നീട് മറ്റു രണ്ട് പോലീസുകാര്‍ക്കുമായി വീതിച്ചു നല്‍കുന്നതുമാണ് ദൃശ്യം.

സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയതിന് പിന്നാലെയാണ് മൂന്ന് പോലീസുകാരെയും സസ്പെന്‍ഡ് ചെയ്തതെന്നും ഇവര്‍ക്കെതിരേ വകുപ്പുതല സമഗ്ര അന്വേഷണം നടത്തുമെന്നും ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്സേന അറിയിച്ചു. സംഭവത്തിന്റെ വീഡിയോ എക്സില്‍ പ്രചരിച്ചിരുന്നു. ഇതിനോടുള്ള മറുപടിയായാണ് നടപടി കൈക്കൊണ്ട വിവരം ലെഫ്റ്റനന്റ് ഗവര്‍ണര്‍ അറിയിച്ചത്.