ഡെറാഡൂൺ: വടക്കേ ഇന്ത്യയിൽ തക്കാളിയുടെ വില കുതിച്ചുയരുന്നു. ഉത്തരാഖണ്ഡിലെ ഗംഗോത്രിധാമിൽ തക്കാളിയുടെ വില റെക്കോർഡ് ഉയരത്തിലെത്തി. 250 രൂപയാണ് ഒരു കിലോ തക്കാളിയുടെ വില. ഉത്തർകാശി ജില്ലയിലാകട്ടെ വെള്ളിയാഴ്ച 180ൽനിന്ന് 250ലേക്കാണ് തക്കാളിവില ഉയർന്നത്. ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിൽ 200 മുതൽ 250 രൂപ വരെയാണ് വിലയെന്ന് പച്ചക്കറി വ്യാപാരികൾ പറയുന്നു. ഉത്തരേന്ത്യയിൽ പലയിടത്തും വില ഇരുന്നൂറിന് മുകളിലെത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു.

കാലാവസ്ഥയിലുണ്ടായ മാറ്റവും ചിലയിടങ്ങളിൽ കനത്ത മഴ കൃഷിനാശം വിതച്ചതുമാണ് വിലവർധനയിലേക്ക് നയിച്ചതെന്നാണ് സൂചന. തക്കാളിയുടെ സംഭരണ കാലാവധി കുറവായതും വിലക്കൂടുതലിലേക്ക് നയിച്ചിട്ടുണ്ട്. താപനില ഉയർന്നതു മൂലമുണ്ടായ അപൂർവ രോഗത്തിൽ കർണാടകയിലെ തക്കാളി കൃഷി നശിച്ചതോടെ തക്കാളി ലഭ്യത കുറഞ്ഞതും വില ഉയരാൻ കാരണമായി. ബെംഗളൂരുവിൽ 101 മുതൽ 121 വരെയാണ് തക്കാളി വില.

ചെന്നൈയിൽ നിലവിൽ കിലോയ്ക്ക് 100 മുതൽ 130 രൂപയ്ക്കാണ് തക്കാളി വില. വില ഉയർന്നതോടെ സബ്‌സിഡി നിരക്കിൽ 60 രൂപയ്ക്ക് റേഷൻ കടകളിലൂടെ തക്കാളി വിൽക്കാൻ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ അറിയിപ്പ് നൽകിയിരുന്നു.

പലയിടങ്ങിലും കനത്ത മഴ പെയ്തതുമൂലം വിതരണത്തിലുണ്ടായ പ്രശ്‌നങ്ങളും കഴിഞ്ഞ മാസങ്ങളിലെ അത്യുഷ്ണവുമെല്ലാം തക്കാളിയുടെ വില അഞ്ചിരട്ടിയിൽ അധികമായി ഉയരാൻ കാരണമായി പറയുന്നുണ്ട്. എന്നാൽ തക്കാളിക്ക് മാത്രമല്ല കോളിഫ്‌ളവർ, മുളക്, ഇഞ്ചി എന്നിവയ്ക്കും വില കൂടിയതായി കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു. ഡൽഹിയിൽ കിലോയ്ക്ക് 140 രൂപയാണ് തക്കാളിയുടെ വില. ഇവിടെയും കനത്ത മഴ കാരണം വിതരണ മേഖലയിലുണ്ടായ തടസങ്ങളാണ് വിലക്കയറ്റത്തിന് കാരണമായി പറയുന്നത്.