ന്യൂഡൽഹി: ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന റെസ്ലിങ് ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനോടു ഹാജരാകാൻ നിർദേശിച്ച് ഡൽഹി റോസ് അവന്യൂ കോടതി. ജൂലൈ 18നു ഹാജരാകാനാണു കോടതിയുടെ നിർദ്ദേശം. ബ്രിജ് ഭൂഷണെതിരായ നടപടി തുടരുന്നതിനുള്ള നിരവധി തെളിവുകളുണ്ടെന്നു കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട കോടതി നടപടികൾ തുടരുന്നതിനിടെയാണിത്. ജൂൺ 15നു ബ്രിജ് ഭൂഷണെതിരെ ഡൽഹി പട്യാല കോടതിയിൽ ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ പോക്‌സോ ചുമത്തി ബ്രിജ് ഭൂഷണെതിരെ മറ്റൊരു എഫ്‌ഐആറും രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ എല്ലാ ലൈംഗികാതിക്രമ ആരോപണങ്ങളും ബ്രിജ് ഭൂഷൺ നിഷേധിച്ചിരുന്നു. വനിതാ ഗുസ്തിതാരങ്ങളുടെ ശരീരത്തിൽ മോശമായ രീതിയിൽ സ്പർശിച്ചു, തികച്ചും സ്വകാര്യമായ ചോദ്യങ്ങൾ ചോദിച്ചു, ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു എന്നിവയാണ് ബ്രിജ് ഭൂഷണെതിരായ ആരോപണങ്ങൾ.

ബ്രിജ്ഭൂഷൺ ലൈംഗികമായി ആക്രമിച്ചു എന്ന് ചൂണ്ടിക്കാട്ടി പ്രായപൂർത്തിയാകാത്ത ഗുസ്തി താരമുൾപ്പടെ ഏഴു പേരാണ് പരാതി നൽകിയത്. പരിശീലന കേന്ദ്രങ്ങൾ, വിവിധ അന്താരാഷ്ട്ര വേദികൾ, ബ്രിജ്ഭൂഷന്റെ ഓഫീസ്, റെസ്റ്റോറന്റ് ഉൾപ്പടെ എട്ടു സ്ഥലങ്ങളിൽ വെച്ച് ലൈംഗികമായി അതിക്രമം നടത്തി, ശ്വാസം പരിശോധിക്കുകയാണെന്ന വ്യാജേനെ സ്വകാര്യഭാഗങ്ങളിൽ അനുവാദമില്ലാതെ സ്പർശിച്ചു എന്നും പരാതിയിൽ പറയുന്നു.

കഴിഞ്ഞ ജൂൺ 15-ന് ബ്രിജ്ഭൂഷണെതിരെ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനു പുറമെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിനു വിധേയായാക്കി എന്ന ആരോപണത്തിൽ ബ്രിജ്ഭൂഷണെതിരെ മറ്റൊരു എഫ്.ഐ.ആറും രേഖപ്പെടുത്തിയിരുന്നു. ലൈംഗിക ചൂഷണത്തിന് ബ്രിജ്ഭൂഷൺ ശ്രമിച്ചു എന്നാണ് എഫ്.ഐ.ആർ. ബലാത്സംഗശ്രമം ഉൾപ്പടെയുള്ള വകുപ്പുകളാണ് ബ്രിജ്ഭൂഷണെതിരെ ചുമത്തിയത്. എന്നാൽ ആരോപണം നിഷേധിച്ച ബ്രിജ്ഭൂഷൺ ആരോപണങ്ങൾ വ്യാജമാണെന്നും താൻ വേട്ടയാടപ്പെടുകയാണെന്നുമുള്ള വാദവുമായി രംഗത്തെത്തിയിരുന്നു.

ബ്രിജ്ഭൂഷണെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാക്ഷി മാലിക്, വിനയ് ഫോഗട്ട്, ബജ്റംഗ് പുനിയ എന്നിവരുൾപ്പെടെ നിരവധി താരങ്ങളാണ് ജന്തർമന്തറിൽ സമരം ചെയ്തത്. പ്രതിഷേധ സൂചകമായി മെഡലുകൾ ഗംഗയിലൊഴുക്കുമെന്നും ഭീഷണി മുഴക്കിയിരുന്നു. കർഷക സംഘടനകൾ ഇടപെട്ടാണ് അന്ന് സമരം അവസാനിപ്പിച്ചത്. ഒടുവിൽ ജൂൺ 15-ന് മുമ്പ് ബ്രിജ്ഭൂഷണെതിരെ നടപടിയുണ്ടാകുമെന്ന കായിക മന്ത്രി അനുരാഗ് ഠാക്കൂറിന്റെ ഉറപ്പിനെ തുടർന്നാണ് താരങ്ങൾ സമരം അവസാനിപ്പിച്ചത്