ഹൈദരാബാദ്: തെലങ്കാനയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബിജെപിയിൽ നിന്ന് രണ്ടോ മൂന്നോ മുൻ എംഎൽഎമാർ രാജിവെച്ച് കോൺഗ്രസിൽ ചേർന്നേക്കുമെന്ന റിപ്പോർട്ട്. സംസ്ഥാനത്തെ ബിജെപി നേതൃമാറ്റത്തിന്റെയും തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള നേതാക്കളുടെ ആശങ്കയുടെയും പശ്ചാത്തലത്തിലാണ് ഈ നേതാക്കളുടെ തീരുമാനം.

കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയവരായിരുന്നു ഈ മുൻ എംഎൽഎമാർ. തങ്ങളുടെ മുൻ എംഎൽഎമാർ പാർട്ടിയിലേക്ക് മടങ്ങിവരുന്നതിനെ കുറിച്ച് മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് കോൺഗ്രസ് സംസ്ഥാന ആസ്ഥാനത്ത് നിന്നുള്ള പാർട്ടി വൃത്തങ്ങൾ പറയുന്നത്. ഇതിലൊരാൾ പ്രമുഖ കോൺഗ്രസ് നേതാവും ഇപ്പോൾ കർണാടക മന്ത്രിയുമായ എൻഎസ് ബോസ് രാജുവുമായാണ് സംസാരിക്കുന്നത്. നേരത്തെ തെലങ്കാനയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായിരുന്നു ബോസ് രാജു.

ആദ്യഘട്ട ചർച്ചകളിൽ തന്നെ ബിജെപി വിട്ടുവരുന്ന നേതാക്കൾക്ക് സംഘടനയിൽ ഉയർന്ന സ്ഥാനം കോൺഗ്രസ് നേതൃത്വം ഉറപ്പുകൊടുത്തിട്ടുണ്ട്. ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് ബന്ദി സഞ്ജയ് കുമാറിനെ മാറ്റി ജി കിഷൻ റെഡ്ഡിയെ നിയമിച്ചിരുന്നു. ഈ മാറ്റം കൊണ്ട് മാത്രം തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ കഴിയില്ലെന്ന അഭിപ്രായം സംസ്ഥാനത്തെ ചില ബിജെപി നേതാക്കൾക്കെങ്കിലും ഉണ്ട്.

കോൺഗ്രസാണെങ്കിൽ പാർട്ടിയിലേക്ക് മടങ്ങിവരുന്ന നേതാക്കൾക്കായി വാതിൽ മലർക്കെ തുറന്നിട്ടിരിക്കുകയാണ്. ഈ അടുത്ത് ഖമ്മത്ത് നടന്ന പൊതുയോഗത്തിൽ രാഹുൽ ഗാന്ധി തന്നെ പാർട്ടി വിട്ടുപോയവരോട് തിരികെ വരണമെന്ന് അഭ്യർത്ഥിച്ചിരുന്നു.