- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ക്ഷേത്രത്തെക്കാൾ ഒട്ടും ചെറുതല്ല ഗീത പ്രസ്; ചില സമയത്തു വിശുദ്ധരാണു വഴികാട്ടുക'; ഗീത പ്രസിനെ പുകഴ്‌ത്തി പ്രധാനമന്ത്രി
ഗൊരഖ്പുർ: ഗാന്ധി സമാധാന പുരസ്‌കാരത്തിനു തിരഞ്ഞെടുക്കപ്പെട്ട പുസ്തക പ്രസാധകരായ ഗീത പ്രസിനെ പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ ഗീത പ്രസിന്റെ നൂറാംവാർഷികത്തിന്റെ സമാപന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
''ക്ഷേത്രത്തെക്കാൾ ഒട്ടും ചെറുതല്ല ഗീത പ്രസ്. ചില സമയത്തു വിശുദ്ധരാണു വഴികാട്ടുക, ചില സമയങ്ങളിൽ ഗീത പ്രസ് പോലുള്ള സ്ഥാപനങ്ങൾ. തങ്ങളുടെ ജോലിയിലൂടെ മനുഷ്യത്വത്തിന്റെ മാർഗദർശികളാകുകയാണു ഗീത പ്രസ്- പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
''മഹാത്മാഗാന്ധിക്കു ഗീത പ്രസുമായി വൈകാരികമായ ബന്ധമുണ്ടായിരുന്നു. ഇവരുടെ മാഗസിൻ കല്യാനുമായി ഗാന്ധി സഹകരിച്ചിരുന്നു. പരസ്യവുമായി ബന്ധപ്പെട്ട ഗാന്ധിജിയുടെ നിർദ്ദേശം ഗീത പ്രസ് പിന്തുടരുന്നുണ്ട്'' മോദി വിശദീകരിച്ചു. ശിവ പുരാണത്തിന്റെ പ്രത്യേക പതിപ്പും ചടങ്ങിൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. എവിടെ ഗീതയുണ്ടോ അവിടെ കൃഷ്ണനുണ്ടാകും. എല്ലാം കൃഷ്ണിൽനിന്നാണു പുറപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഗൊരഖ്പുരിലെ ഹിന്ദുപുരാണ പുസ്തക പ്രസാധകരായ ഗീത പ്രസിനു 2021ലെ മഹാത്മാ ഗാന്ധി സമാധാന പുരസ്‌കാരം നൽകാനുള്ള തീരുമാനത്തിനെതിര കോൺഗ്രസ് വലിയ വിമർശനം ഉയർത്തിയതിനു പിന്നാലെയാണു പ്രധാനമന്ത്രിയുടെ പ്രശംസ. ഗാന്ധിയുടെ ചിന്തകൾക്കു വിരുദ്ധമായ ക്യാംപെയ്‌നുകൾ ഗീത പ്രസ് നടത്തിയിരുന്നെന്നാണു കോൺഗ്രസിന്റെ ആരോപണം. എന്നാൽ ആരോപണം നിഷേധിച്ച ഗീത പ്രസ്, ഗാന്ധി തങ്ങളുടെ മാഗസിൻ കല്യാനുമായി സഹകരിക്കാറുണ്ടായിരുന്നെന്നു വിശദീകരിച്ചു.




