- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'തെലങ്കാന മുഖ്യമന്ത്രി പ്രവർത്തിക്കുന്നത് തന്റെ കുടുംബത്തിന്റെ വികസനത്തിന് വേണ്ടി; അഴിമതിക്കും കുടുംബ ഭരണത്തിനുമെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം'; രൂക്ഷ വിമർശനവുമായി നരേന്ദ്ര മോദി
ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന് എതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ കുടുംബത്തിന്റെ വികസനത്തിന് വേണ്ടി മാത്രമാണ് തെലങ്കാന മുഖ്യമന്ത്രി പ്രവർത്തിക്കുന്നതെന്ന് നരേന്ദ്ര മോദി പരിഹസിച്ചു. അഴിമതിക്കും കുടുംബ ഭരണത്തിനുമെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാറങ്കലിലെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തങ്ങളുടെ ഭരണകാലത്ത് ബി.ആർ.എസ് കേന്ദ്രത്തെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അവർ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു. ബിജെപി സർക്കാർ ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ നിറവേറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച തെലങ്കാനയിലെത്തിയ പ്രധാനമന്ത്രി 6100 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ടു. തെലങ്കാനയിൽ കെ.സി.ആറിന്റെ കുടുംബഭരണം അവസാനിപ്പിക്കണമെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ജി. കിഷൻ റെഡ്ഡിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
ജനക്ഷേമത്തിന് വിരുദ്ധമായാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു പ്രവർത്തിക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ ആരോപിച്ചു. തന്നെ ചോദ്യം ചെയ്യാൻ ആരുമില്ലെന്നാണ് കെ.സി.ആർ കരുതുന്നത്. കർഷകരുടെ വായ്പ എഴുതിത്ത്തള്ളുന്നതിൽ വലിയ കാലതാമസമുണ്ടാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തെലങ്കാനയിലെ കുടുംബ ഭരണത്തിനെതിരെ ബിജെപിയിലെ നിരവധി നേതാക്കൾ പോരാടുകയാണ്. സംസ്ഥാനത്ത് സത്യസന്ധമായ ജീവിതം നയിക്കുന്നവരോട് ബി.ആർ.എസ് പണത്തിന്റെ വിഹിതം ആവശ്യപ്പെടുന്നു. സ്വകാര്യ സംരംഭങ്ങളിലും ഇതേ വിഷയം നിലനിൽക്കുന്നുണ്ട്. ബി.ആർ.എസിന്റെ പ്രവർത്തനം ഒരു മാഫിയ പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




