- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആർഎസ്എസ് നേതാവ് ഗോൾവാൾക്കറിനെതിരായ വിവാദ പോസ്റ്റ്; കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെതിരെ കേസെടുത്ത് പൊലീസ്
ഭോപാൽ: ആർഎസ്എസ് നേതാവ് ഗോൾവാൾക്കറിനെതിരായ വിവാദ പോസ്റ്റ് പ്രചരിച്ചതിന് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെതിരെ കേസ്. ഗോൾവാൾക്കർക്ക് എതിരായ വിവാദ കമന്റുകളുള്ള ചിത്രമാണു ദിഗ്‌വിജയ് സിങ് ട്വിറ്ററിൽ പങ്കുവച്ചത്. ഇത് ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണെന്ന് ആർഎസ്എസ് നേതാവ് സുനിൽ ആംബേക്കർ ആരോപിച്ചു.
സാമൂഹിക ഐക്യം തകർക്കാനുള്ള അടിസ്ഥാനരഹിതമായ ആരോപണമാണിതെന്നും ഗോൾവാൾക്കർ ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ലെന്നും വിവേചനങ്ങൾ ഇല്ലാതാക്കാനുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതമെന്നും സുനിൽ വിശദീകരിച്ചു. ആർഎസ്എസ് പ്രവർത്തകനും അഭിഭാഷകനുമായ രാജേഷ് ജോഷിയുടെ പരാതിയിൽ ഇൻഡോറിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.
പിന്നാക്ക വിഭാഗങ്ങൾക്കും മുസ്‌ലിംകൾക്കും ഹിന്ദുക്കൾക്കും ഇടയിൽ സ്പർധ സൃഷ്ടിക്കാനാണു ദിഗ്‌വിജയ് സിങ് വിവാദ പോസ്റ്റർ ഉപയോഗിച്ചതെന്നും പരാതിയിലുണ്ട്. വസ്തുതകൾ മനസ്സിലാക്കാതെ തെറ്റായ വിവരങ്ങളും വെറുപ്പും പ്രചരിപ്പിക്കുകയെന്നതു കോൺഗ്രസ് നേതാക്കളുടെ ശീലമാണെന്നായിരുന്നു മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ പ്രതികരണം.
ഒരു ഇംഗ്ലിഷ് പുസ്തകത്തിൽ നിന്നുള്ള വസ്തുതകളാണു ദിഗ്‌വിജയ് സിങ് പങ്കുവച്ചതെന്നാണ് മധ്യപ്രദേശ് കോൺഗ്രസ് മീഡിയ വിഭാഗം ചെയർമാൻ കെ.കെ.മിശ്ര വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞത്. വസ്തുതകൾ പരിശോധിച്ച ശേഷം മാത്രമേ അദ്ദേഹം എഴുതാറുള്ളൂവെന്നും കേസ് കോടതിയിൽ നിൽക്കില്ലെന്നും മിശ്ര കൂട്ടിച്ചേർത്തു.




