ന്യൂഡൽഹി: ഡൽഹിയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം. കിഴക്കൻ ഡൽഹിയിലെ ഗീത കോളനി ഫ്‌ളൈഓവറിനു സമീപം സ്ത്രീയുടെതെന്നു കരുതുന്ന ശരീരഭാഗങ്ങൾ കണ്ടെത്തി. ഇന്നു രാവിലെയാണ് പൊലീസിനു വിവരം ലഭിച്ചത്. തുടർന്ന് പ്രദേശത്തു നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ ശരീരഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട രീതിയിൽ കണ്ടെത്തിയത്.

ഫ്‌ളൈഓവറിനു സമീപം രണ്ടു പോളിത്തീൻ ബാഗുകളിലായാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. തല അടക്കമുള്ള ശരീരഭാഗങ്ങളാണ് കണ്ടെത്തിയത്. ''കറുത്ത രണ്ട് പോളിത്തീൻ ബാഗുകളാണ് ഞങ്ങൾക്കു ലഭിച്ചത്. ഒന്നിൽ തലയും മറ്റേതിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളുമായിരുന്നു ഉണ്ടായിരുന്നത്. തലയിലെ നീളമുള്ള മുടിയാണ് സ്ത്രീയാണെന്നു കരുതാൻ കാരണം. മറ്റു ശരീരഭാഗങ്ങൾക്കായുള്ള തിരച്ചിൽ ആരംഭിച്ചു'' ഡൽഹി പൊലീസ് കമ്മിഷണർ പരമാദിത്യ പറഞ്ഞു.

ശരീരഭാഗങ്ങൾ പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതുവരെ തിരിച്ചറിയാനായില്ല. എതൊക്കെ ശരീരഭാഗങ്ങളാണ് ഉള്ളതെന്ന കാര്യത്തിൽ പൊലീസിനു വ്യക്തതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശ്രദ്ധ വോൾക്കർ കൊലപാതകത്തിന് സമാനമായ തരത്തിലാണ് മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെടുത്തതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2022 മെയ് 18നാണ് പങ്കാളിയായ ശ്രദ്ധ വോൾക്കറെ യുവാവ് കൊലപ്പെടുത്തിയ സംഭവം രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു.

മൃതദേഹം 35 കഷ്ണങ്ങളായി മുറിച്ച് മൂന്നാഴ്ച ഫ്രിഡ്ജിൽ സൂക്ഷിച്ച സംഭവത്തിൽ അഫ്താബ് എന്ന യുവാവാണ് അറസ്റ്റിലായത്. 18 ദിവസം കൊണ്ട് നഗരത്തിൽ പല ഭാഗങ്ങളിലായാണ് അഫ്താബ് ശ്രദ്ധയുടെ ശരീരഭാഗങ്ങൾ ഉപേക്ഷിച്ചത്. മകളെ കാണാനില്ലെന്ന് കാണിച്ച് ശ്രദ്ധയുടെ പിതാവ് വികാസ് മദൻ വേൾക്കർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.