ന്യൂഡൽഹി: ഗുജറാത്തിൽനിന്ന് ഒഴിവുള്ള രണ്ടു രാജ്യസഭാ സീറ്റുകളിലേക്കും ബംഗാളിൽനിന്നുള്ള ഒരു സീറ്റിലേക്കും ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബാബുഭായ് ജെസാങ് ദേശായി, കേസരി ദേവ്സിങ് സാല എന്നിവരാണ് സ്ഥാനാർത്ഥികൾ. ഒഴിവുള്ള മറ്റൊരു സീറ്റിലേക്ക് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക നൽകിയിരുന്നു.

ബംഗാളിൽനിന്ന് ഇതാദ്യമായാണ് ബിജെപിക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു രാജ്യസഭാ എംപി ഉണ്ടാവുന്നത്. കൂച്ച് ബെഹാറിൽനിന്നുള്ള അനന്ത മഹാരാജാണ് സ്ഥാനാർത്ഥി. ബംഗാളിൽനിന്ന് ഒഴിവു വരുന്ന മറ്റ് ആറു സീറ്റുകളിലേക്ക് തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. കോൺഗ്രസിന്റെ ഏക രാജ്യസഭാംഗം പ്രദീപ് ഭട്ടാചാര്യ വിരമിക്കുന്ന ഒഴിവിലേക്കാണ് ബിജെപി സ്ഥാനാർത്ഥി തിരഞ്ഞെടുക്കപ്പെടുന്നത്.