മുംബൈ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയിൽനിന്നും നഗ്‌നചിത്രങ്ങൾ കൈക്കലാക്കി പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ 21-കാരനും പിതാവും അറസ്റ്റിൽ. ബിഹാർ ദർബംഗ സ്വദേശിയായ താരിഖ് അൻസാരിയെയും ഇയാളുടെ പിതാവായ 50-കാരനെയുമാണ് ബിഹാറിൽനിന്ന് മുംബൈ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടേയും കുടുംബത്തിന്റെയും പരാതിയിലാണ് നടപടി.

ഏതാനും മാസങ്ങൾക്ക് മുൻപാണ് പതിനൊന്നാംക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയും താരിഖും ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. ചാറ്റിങ്ങിലൂടെ സൗഹൃദത്തിലായ ഇരുവരും ഫോൺനമ്പറും പരസ്പരം കൈമാറി.

സൗഹൃദം വളർന്നതോടെ വിശ്വാസം നേടിയെടുത്ത യുവാവ് പെൺകുട്ടിയോട് നഗ്‌നചിത്രങ്ങൾ അയക്കാൻ ആവശ്യപ്പെട്ടു. ഇത്തരം ചിത്രങ്ങൾ അയച്ചുനൽകിയതിന് പിന്നാലെ ഇയാൾ പണം ആവശ്യപ്പെട്ട് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. 25,000 രൂപ നൽകണമെന്നും അല്ലെങ്കിൽ നഗ്‌നചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നുമായിരുന്നു പ്രതിയുടെ ഭീഷണി.

പെൺകുട്ടിയുടെ സുഹൃത്തുക്കളായ ചിലർക്ക് ചില ചിത്രങ്ങൾ അയച്ചുനൽകുകയും ചെയ്തു. ഇതോടെ പെൺകുട്ടി മാതാപിതാക്കളെ വിവരം ധരിപ്പിച്ചു. തുടർന്ന് മാതാപിതാക്കൾ അൻസാരിയുടെ പിതാവിന്റെ നമ്പർ സംഘടിപ്പിച്ച് ഇയാളെ ഫോണിൽ വിളിക്കുകയും കാര്യങ്ങൾ അറിയിക്കുകയും ചെയ്തു.

എന്നാൽ മകനെ ശകാരിക്കുന്നതിനും പിന്തിരിപ്പിക്കുന്നതിനും പകരം പണം നൽകാനാണ് ഇയാൾ പെൺകുട്ടിയുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടത്. ഇതോടെ മാതാപിതാക്കൾ സിറ്റി പൊലീസിൽ പരാതി നൽകുകയും അന്വേഷണസംഘം ബിഹാറിലെത്തി പ്രതികളെ പിടികൂടുകയുമായിരുന്നു.