ന്യൂഡൽഹി: ചന്ദ്രയാൻ 3 രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. അവരുടെ അർപ്പണ മനോഭാവത്തിനും വൈഭവത്തിനും സല്യൂട്ട് എന്നും മോദി ട്വീറ്റ് ചെയ്തു.

ജൂലൈ 14 ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നാണ് ഉപഗ്രഹത്തെയും വഹിച്ച് ഇന്ത്യയുടെ കരുത്തുറ്റ വിക്ഷേപണ വാഹനം ഉയർന്നുപൊങ്ങിയത്. നിശ്ചിത സമയത്തിനുള്ളിൽ നിശ്ചയിച്ചപ്രകാരം ഭൂമിയുടെ ഭ്രമണപഥത്തിൽ ചന്ദ്രയാൻ 3 പേടകം വിജയകരമായി സ്ഥാപിച്ചതായി ഐഎസ്ആർഒ മേധാവി എസ്.സോമനാഥ് പറഞ്ഞു. ലോഞ്ച് വെഹിക്കിൾ മാർക്ക് 3 റോക്കറ്റാണ് 3900 കിലോഗ്രാം ഭാരമുള്ള പേടകം വിക്ഷേപിക്കുന്നതിനായി ഉപയോഗിച്ചത്. വിക്രം ലാൻഡറും പ്രജ്ഞാൻ റോവറുമാണ് വിക്ഷേപിച്ചത്.

ചന്ദ്രയാൻ രണ്ടിന്റെ തുടർച്ചയാണ് ചന്ദ്രയാൻ 3 ദൗത്യം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ലാൻഡർ സുരക്ഷിതമായി സോഫ്റ്റ് ലാൻഡ് ചെയ്യിക്കുകയാണ് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഓഗസ്റ്റ് 23 ഓടെ ചന്ദ്രയാൻ പേടകം ചന്ദ്രനിലിറക്കാനാണ് ഐഎസ്ആർഒ കണക്കുകൂട്ടുന്നത്.

2 ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി ഫ്രാൻസിലാണ്. ഇന്നലെ ആണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലേക്ക് തിരിച്ചത്. ഇന്ത്യൻ സമയം നാല് മണിക്ക് പാരീസിലെത്തിയ നരേന്ദ്ര മോദി ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണുമായി ചർച്ച നടത്തി. ബാസ്റ്റീൽ ദിനാഘോഷം എന്നറിയപ്പെടുന്ന ഫ്രഞ്ച് ദേശീയ ദിനാഘോഷത്തിലും പരേഡിലും മുഖ്യാതിഥിയായി പ്രധാനമന്ത്രി പങ്കെടുത്തു.

ഡൽഹിയിലെ വെള്ളപ്പൊക്കത്തെക്കുറിച്ചുള്ള സ്ഥിതി?ഗതികളും പ്രധാനമന്ത്രി വിലയിരുത്തി. ഇന്നലെ അമിത് ഷായെയും ഡൽഹി ലഫ്റ്റനന്റ് ഗവർണറെയും പ്രധാനമന്ത്രി ഫോണിൽ വിളിച്ചാണ് സ്ഥിതിഗതികൾ വിലയിരുത്തിയത്.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി പ്രധാനമന്ത്രി ചർച്ച നടത്തും. പ്രധാനമന്ത്രിക്ക് മക്രോൺ, കൊട്ടാരത്തിൽ പ്രത്യേക വിരുന്ന് ഒരുക്കും. പ്രശസ്തമായ ലൂവ് മ്യൂസിയത്തിൽ ഔദ്യോഗിക വിരുന്നും പ്രധാനമന്ത്രിക്കായി സംഘടിപ്പിക്കും. ഫ്രാൻസിൽ നിന്ന് നാവികസേനയ്ക്കായി 26 റഫാൽ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഇരു രാജ്യങ്ങളും ഒപ്പിടും. റഫാലിന്റെ നിർമ്മാതാക്കളായ ഡാസോ ഏവിയേഷൻ അനിൽ അംബാനിയുടെ റിലയൻസുമായുള്ള സംയുക്തസംരംഭത്തിൽ നിന്ന് പിന്മാറും എന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു.

ശനിയാഴ്ച യുഎഇ സന്ദർശനം കൂടി നടത്തിയാകും പ്രധാനമന്ത്രിയുടെ മടക്കം. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഫ്രാൻസിൽ നിന്ന് തിരിച്ച് വരും വഴിയാണ് മോദി യുഎഇയിലിറങ്ങുക. 2014 ൽ അധികാരമേറ്റതിന് ശേഷം മോദിയുടെ അഞ്ചാമത്തെ ഗൾഫ് സന്ദർശനമാണിത്. കഴിഞ്ഞ വർഷം ഒപ്പുവച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിനെ തുടർന്ന് ഉഭയകക്ഷി വ്യാപാരം ശക്തി പ്രാപിച്ചു വരുന്ന സാഹചര്യത്തിലാണ് മോദിയുടെ സന്ദർശനം. ഊർജം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി വിവിധ മേഖലകളിലേക്കും പങ്കാളിത്തം വ്യാപിക്കാനുള്ള സാധ്യതകളും ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയാകും.