ചെന്നൈ: ജോലി ഇല്ലാത്തതിന്റെ പേരിൽ പരിഹസിച്ചതിന് ഇരുപതു വയസുകാരൻ അച്ഛനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. ജോലി ഇല്ലാത്തതിന് അച്ഛൻ പരിഹസിച്ചത് ചോദ്യം ചെയ്യുകയും വഴക്കിനിടെ ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് മകൻ ജബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ എക്കാട്ടുതങ്ങലിലാണ് സംഭവം.

സ്വകാര്യകമ്പനിയിലെ ജോലിക്കാരനായ ബാലസുബ്രഹ്‌മണ്യനാണ് കൊല്ലപ്പെട്ടത്. എല്ലാ ദിവസവും വീട്ടിൽ മദ്യപിച്ചെത്തുന്ന ഇയാൾ ജോലി ഇല്ലാത്തതിന് മകനെ തുടർച്ചയായി പരിഹസിച്ചിരുന്നു. വ്യാഴാഴ്ച ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വീട്ടിൽ വച്ച് വഴക്കിട്ടിരുന്നതായും പൊലിസ് പറഞ്ഞു.

 തൊഴിൽരഹിൻ എന്ന പിതാവിന്റെ ആവർത്തിച്ചുള്ള പരിഹാസം ജബരീഷിനെ ചൊടിപ്പിച്ചു. വഴക്കിനിടെ ജബരീഷ് ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് അച്ഛന്റെ തലയ്ക്കടിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന അമ്മയും സഹോദരിയും തടഞ്ഞെങ്കിലും ഫലമുണ്ടായില്ല. അച്ഛൻ അടിയേറ്റ് ബോധരഹിതനായി വീണതിന് പിന്നാലെ ജബരീഷ് സ്ഥലത്ത് നിന്ന് ഓടിപ്പോയതായും പൊലീസ് പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ബാലസുബ്രമണി ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരണപ്പെട്ടതായും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി റോയപ്പോട്ട സർക്കാർ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ട് വർഷം മുമ്പ് കോളജ് പഠനം പൂർത്തിയാക്കിയ ജബരീഷ് അന്നുമുതൽ ജോലി അന്വേഷിക്കുകയാണ്. എന്നാൽ ജോലി ഒന്നും ലഭിച്ചിരുന്നില്ല.