ലഖ്‌നൗ: കാമുകിയെ വിവാഹം കഴിക്കാൻ വീട്ടുകാർ അനുവദിക്കുന്നില്ലെന്നും ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മൊബൈൽ ടവറിന് മുകളിൽ കയറി ഭീഷണി മുഴക്കി യുവാവ്. ഉത്തർപ്രദേശിലെ കുശിനഗർ സ്വദേശിയായ ദിലീപ് എന്ന യുവാവാണ് ടവറിനു മുകളിൽ കയറി ഭീഷണി മുഴക്കിയത്. ടവറിനു മുകളിൽ കയറിയ ഇയാൾ മുകളിൽ നിന്ന് തന്റെ ഫോൺ താഴെക്കിട്ടാണ് സമീപത്ത് ഉണ്ടായിരുന്നവരുടെ ശ്രദ്ധ ആകർഷിച്ചത്.

പ്രദേശവാസികൾ ഇയാളെ താഴെ ഇറക്കാൻ പരമാവധി ശ്രമിച്ചു എങ്കിലും യുവാവ് വഴങ്ങിയില്ല. തുടർന്ന് പ്രദേശവാസികൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവിൽ പൊലീസ് എത്തിയപ്പോഴാണ് തന്റെ ആവശ്യം യുവാവ് അറിയിച്ചത്. തുടർന്ന് പൊലീസ് നടത്തിയ ഇടപെടലിൽ താഴെയിറങ്ങിയ ഇയാൾ ഇപ്പോൾ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

താൻ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്നും എന്നാൽ തങ്ങളുടെ വിവാഹം നടത്തി തരാൻ വീട്ടുകാർ സമ്മതിക്കുന്നില്ല എന്നുമാണ് ദിലീപിന്റെ ആരോപണം. തന്റെ ആവശ്യം വീട്ടുകാർ അംഗീകരിക്കുന്നതിന് വേണ്ടിയാണ് ടവറിനു മുകളിൽ കയറിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ ദിലീപിന്റെ മാനസിക നില ശരിയല്ലെന്നും അതാണ് ഇത്തരത്തിൽ പെരുമാറുന്നതെന്ന് ദിലീപിന്റെ ജ്യേഷ്ഠൻ അമർജീത് ആരോപിച്ചു.

കൂടാതെ വീടിനടുത്തുള്ള ഏതാനും ആളുകളുമായി ദിലീപ് വഴക്കുണ്ടാക്കിയതിനെ തുടർന്ന് ഇയാളുടെ തലയ്ക്ക് പരിക്കേറ്റിരുന്നതായും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും അമർജീത് പറഞ്ഞു. അങ്ങനെ വീട്ടുകാരുടെ കണ്ണ് വെട്ടിച്ച് ഓടി രക്ഷപ്പെട്ടാണ് ഇയാൾ ടവറിന് മുകളിൽ കയറിയതെന്നും സഹോദരൻ ആരോപിച്ചു. ആശുപത്രിയിൽ നിന്നും ഇയാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുവാൻ കുടുംബാംഗങ്ങളും സ്ഥലത്തെത്തിയിട്ടുണ്ട്.