ന്യൂഡൽഹി: ഭാര്യയും അയൽക്കാരനായ യുവാവും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന സംശയത്തിൽ ഇരട്ടക്കൊലപാതകം. ഭാര്യയെയും അയൽക്കാരനെയും കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിലായി. ഡൽഹിയിലെ സൗത്ത് രോഹിണിയിൽ നടന്ന സംഭവത്തിൽ 32 വയസ്സുകാരനായ ഇമ്രാനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുപത്തിയെട്ടുകാരിയായ ഭാര്യയെ ഷാൾ ഉപയോഗിച്ചു ശ്വാസംമുട്ടിച്ചും അയൽക്കാരനായ 22 വയസ്സുകാരൻ സൻജിത്തിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തുമ്പോൾ ഇമ്രാന്റെ ഭാര്യ ബോധരഹിതയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പിന്നാലെ തന്നെ സൻജിത്ത് എന്നയാൾക്കു കുത്തേറ്റതായും പൊലീസിന് അറിയിപ്പ് കിട്ടി. അന്വേഷണത്തിൽ കൊലപാതകത്തിനു പിന്നിൽ ഇമ്രാൻ ആണെന്നു തെളിഞ്ഞു.

ഭാര്യയും സൻജിത്തും തമ്മിൽ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് ഇമ്രാൻ കൊലപാതകം നടത്തിയതെന്നാണു പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. സൗത്ത് രോഹിണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.