ന്യൂഡൽഹി: യമുനാനദി കരകവിഞ്ഞതോടെ ഡൽഹിയിലെ താഴ്ന്ന പ്രദേശങ്ങളെ വെള്ളത്തിൽ മുക്കിയപ്പോൾ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത് ദേശീയ ദുരന്ത നിവാരണ സേനയായിരുന്നു. ദുരിതബാധിത പ്രദേശങ്ങളിൽ നിന്നും ജനങ്ങളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചതിന് ഒപ്പം വളർത്തു മൃഗങ്ങളെയും അവർ പ്രളയജലത്തിൽനിന്ന് കൈപിടിച്ചുയർത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇക്കൂട്ടത്തിൽ നോയിഡയിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട ഒരു കോടി രൂപ വിലയുള്ള കാളയെയും അവർ രക്ഷപ്പെടുത്തി.

ഡൽഹിയിൽ പ്രളയജലത്തിൽനിന്ന് രക്ഷിച്ചവയിൽ ഒരു കോടി രൂപ വിലയുള്ള കാളയുംഇന്ത്യയിലെ ഏറ്റവും മികച്ച കാളയിനമായ 'പ്രിതം' വിഭാഗത്തിൽപ്പെട്ട കാളയെയാണ് എൻഡിആർഎഫ് തീരമണയാൻ സഹായിച്ചത്. എൻഡിആർഎഫിന്റെ ഗസ്സിയാബാദിലുള്ള എട്ടാം ബറ്റാലിയനാണ് നോയിഡയിൽ രക്ഷാപ്രവർത്തനം നടത്തിവരുന്നത്. ഒരു കോടി രൂപ വില വരുന്ന 'പ്രിതം' വിഭാഗത്തിൽപ്പെട്ട കാളയെ ഉൾപ്പെടെ മൂന്ന് കന്നുകാലികളെ ഇവിടെനിന്ന് രക്ഷിച്ചതായി അവർ ട്വീറ്റ് ചെയ്തു.

യമുനയിലെ ജലനിരപ്പ് ഉയർന്നതോടെ നോയിഡയിൽ മാത്രം 550 ഹെക്ടർ ഭൂമി വെള്ളത്തിനടിയിലായി. എട്ട് വില്ലേജുകളിലായി 5000ത്തിലേറെ ആളുകളെ പ്രളയം ബാധിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. വ്യാഴാഴ്ച മുതൽ കന്നുകാലികൾ, വളർത്തു നായകൾ, മുയൽ, താറാവ്, കോഴി, പന്നി ഉൾപ്പെടെ 6000ത്തോളം മൃഗങ്ങളെയും പ്രദേശത്തുനിന്ന് മാറ്റിയിട്ടുണ്ട്.