കൊൽക്കത്ത: രണ്ട് വ്യത്യസ്ത കൊലപാതക കേസുകളിൽ ശിക്ഷക്കപ്പെട്ട കുറ്റവാളികൾ ജയിൽവാസത്തിനിടെ പ്രണയത്തിലാവുകയും പരോളിൽ പുറത്തിറങ്ങി വിവാഹിതരാവുകയും ചെയ്തു. പശ്ചിമ ബംഗാളിലെ ബർധമാനിൽ ജയിലിൽ കഴിയവെയാണ് അസം സ്വദേശിയായ അബ്ദുൾ ഹസിമും പശ്ചിമ ബംഗാൾ സ്വദേശിനിയായ ഷഹ്നാര ഖാതൂനും പ്രണയത്തിലായത്. കൊലപാതക്കേസിൽ ശിക്ഷിക്കപ്പെട്ടാണ് ബർധമാനിലെ ജയിലിൽ എത്തിയ ഇവർ പരോളിൽ ഇറങ്ങി ബന്ധുക്കളുടെ അനുമതിയോടെ വിവാഹിതരാകുകയായിരുന്നു.

അബ്ദുൾ ഹസിം 8 വർഷത്തെ ശിക്ഷയും ഷഹ്നാര ഖാതൂൻ ആറ് വർഷത്തെ ശിക്ഷയും ലഭിച്ചാണ് ഇവിടെ എത്തുന്നത്. ജയിൽ വച്ച് ഇവർ പരിചയപ്പെടുകയും സുഹൃത്തുക്കളാവുകയും ചെയ്തു. സുഹൃത് ബന്ധം പ്രണയത്തിലേക്ക് വഴിമാറിയതോടെ ഇരുവരും പരോളിന് അപേക്ഷിക്കുകയായിരുന്നു. കുടുംബാഗങ്ങളെ വിവരം അറിയിച്ച ശേഷം ഇവർ വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു.

ബുധനാഴ്ചയാണ് ഇരുവരും അഞ്ച് ദിവസത്തെ പരോളിന് പുറത്തിറങ്ങുന്നത്. പിന്നാലെ ഇവർ മുസ്ലിം വിശ്വാസമനുസരിച്ച് ബർധമാനിലെ കുസുംഗ്രാമിൽ വച്ചാണ് വിവാഹിതരായത്. പരോൾ കാലാവധി അവസാനിക്കുന്നതോടെ ഇവർ തിരികെ ജയിലിലേക്ക് മടങ്ങുമെന്നാണ് പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.

ജയിലിൽ ബന്ധുക്കൾ കാണാനായി ഒരേ ദിവസം എത്തിയപ്പോഴാണ് പരസ്പരം ആദ്യം കാണുന്നതും സംസാരിക്കുന്നതെന്നുമാണ് ദമ്പതികൾ പറയുന്നത്. ഇരുട്ടിലെ ജീവിതം അവസാനിപ്പിക്കാൻ ഒരുമിച്ച് തീരുമാനിക്കുകയായിരുന്നുവെന്നും ഇവർ പറയുന്നു. ജയിൽ വാസം കഴിഞ്ഞാൽ സാധാരണ ജീവിതം നയിക്കാനാണ് ആഗ്രഹമെന്നും ഇവർ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.