ന്യൂഡൽഹി: മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ സൂറത്തിലെ വിചാരണക്കോടതി കുറ്റക്കാരനെന്ന് വിധിച്ചത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി നൽകിയ ഹർജി ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് സുപ്രീം കോടതി സ്റ്റേ ചെയ്തില്ലെങ്കിൽ രാഹുലിന് എട്ടു വർഷത്തേക്ക് പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരും.

രാഹുലിനെ കുറ്റക്കാരനെന്ന് കണ്ടെത്തി രണ്ടുവർഷം തടവുശിക്ഷ വിധിച്ചത് സ്റ്റേചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി ജൂലായ് ഏഴിന് വിസമ്മതിച്ചിരുന്നു. ഇതേ തുടർന്നാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. രാഹുൽ ഹർജിയുമായെത്തിയാൽ തന്റെ ഭാഗംകൂടി കേൾക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരനായ ഗുജറാത്ത് എംഎ‍ൽഎ.യും മുൻ മന്ത്രിയുമായ പൂർണേഷ് മോദി സുപ്രീംകോടതിയിൽ തടസ്സഹർജി നൽകിയിട്ടുമുണ്ട്.

അപകീർത്തിക്കേസിലെ ശിക്ഷാവിധിയോടെ, വയനാട് മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന രാഹുലിനു ലോക്‌സഭാംഗത്വം നഷ്ടമായിരുന്നു. സുപ്രീംകോടതി ശിക്ഷ സ്റ്റേചെയ്താൽ വീണ്ടും എംപി.യാകാനുള്ള അവസരം തെളിയും. എന്നാൽ, സ്റ്റേ ലഭിച്ചില്ലങ്കിൽ അയോഗ്യത തുടരും. അടുത്തവർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാനുമാകില്ല.

'മോഷ്ടാക്കളുടെ പേരിലെല്ലാം മോദിയെന്നുള്ളത്' എന്തുകൊണ്ടെന്ന പരാമർശം അപകീർത്തിയുണ്ടാക്കിയെന്ന കേസിലാണ് കഴിഞ്ഞ മാർച്ചിൽ രാഹുലിന് സൂറത്തിലെ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി രണ്ടുവർഷം തടവുശിക്ഷ വിധിച്ചത്. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കർണാടകത്തിലെ കോലാറിലായിരുന്നു രാഹുലിന്റെ പരാമർശം.

ലളിത് മോദി, നീരവ് മോദി തുടങ്ങിയവരെ പരാമർശിച്ച് എല്ലാ കള്ളന്മാർക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ടെന്ന് പരാമർശത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സൂററ്റ് മജിസ്‌ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ രാഹുലിന്റെ ആവശ്യം തള്ളിയ ഗുജറാത്ത് ഹൈക്കോടതി ഗുരുതര പരാമർശങ്ങൾ നടത്തിയിരുന്നു. രാഹുലിന് സ്റ്റേ ആവശ്യപ്പെടാൻ അർഹത ഇല്ലെന്നായിരുന്നു സവർക്കറുടെ ചെറുമകൻ നൽകിയ കേസ് പരാമർശിച്ചു കോടതി പറഞ്ഞത് .