ബെംഗളൂരു: ചന്ദ്രയാൻ മൂന്നിന്റെ മൂന്നാം ഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമായി പൂർത്തിയായി. ഭ്രമണപഥം ഉയർത്തലിന്റെ നാലാം ഘട്ടം ജൂലൈ 20ന് ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനുമിടയിൽ പൂർത്തിയാകുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ജൂലൈ 14നാണ് ചന്ദ്രയാൻ മൂന്ന് വിക്ഷേപിച്ചത്.

ഭൂമിയുടെ ആകർഷണത്തിലുള്ള ഭ്രമണപഥത്തിൽനിന്ന് അഞ്ച് ഘട്ടമായി ഉയർത്തി പേടകത്തെ ചാന്ദ്ര ഭ്രമണപഥത്തിലേക്ക് മാറ്റുകയാണ് ഐഎസ്ആർഒയുടെ പദ്ധതി. ഇതിൽ മൂന്നാമത്തേതാണ് ഇന്ന് പൂർത്തിയായത്. നാലാമത്തേത് 20ന് ഉച്ചയ്ക്ക് രണ്ടിനും മൂന്നിനുമിടയിലും അഞ്ചാമത്തേത് 21നും നടക്കും.

അതേസമയം, ഭൂമിയിൽനിന്ന് എത്ര അകലത്തിലുള്ള ഭ്രമണപഥത്തിലേക്കാണ് പേടകത്തെ ഇന്ന് മാറ്റിയതെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിട്ടില്ല. എന്നാൽ മൂന്നാംഘട്ട ഭ്രമണപഥമുയർത്തൽ പ്രക്രിയ ആസൂത്രണം ചെയ്തതുപോലെ കൃത്യമായി നടന്നതായി ഐഎസ്ആർഒ ട്വിറ്ററിൽ കുറിച്ചു.

കഴിഞ്ഞദിവസം നടന്ന രണ്ടാംഘട്ട ഉയർത്തലിൽ ഭൂമിക്ക് അടുത്ത ദൂരം 226 കിലോ മീറ്ററും അകലെയുള്ള ദൂരം 41,603 കിലോമീറ്ററും ആയ ദീർഘ വൃത്താകൃതിയിലുള്ള പാതയിലേക്കാണ് പേടകത്തെ മാറ്റിയത്.

ജൂലൈ 14നായിരുന്നു ചാന്ദ്രയാൻ 3ന്റെ വിക്ഷേപണം. എൽവി എം3 റോക്കറ്റ് ഉപയോഗിച്ച് പാർക്കിങ് ഓർബിറ്റിലാണ് പേടകത്തെ എത്തിച്ചിരുന്നത്. ഭൂമിയോട് അടുത്ത ദൂരം 170 കിലോമീറ്ററും അകലെയുള്ള ദൂരം 36,500 കിലോമീറ്ററുമുള്ള ദീർഘ വൃത്താകൃതിയിലുള്ള പാതയാണ് ഇത്. 15നായിരുന്നു ആദ്യ ഭ്രമണപഥമുയർത്തൽ. ഭൂമിയോട് അടുത്ത ദൂരം 173 കിലോമീറ്ററും അകലെയുള്ള ദൂരം 41,762 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലേക്കായിരുന്നു ഉയർത്തിയത്.

ഭൂമിയുടെ ഗുരുത്വാകർഷണ വലയം ഭേദിച്ച് പുറത്തുകടക്കാൻ സഹായിക്കുന്നതിനാണ് ഘട്ടം ഘട്ടമായി ഭ്രമണപഥം ഉയർത്തുന്ന പ്രക്രിയ. പേടകത്തിലെ ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് അധിക ശക്തി നൽകിയാണ് ഇത് സാധ്യമാക്കുന്നത്.

ഭൂമിയുടെ ആകർഷണത്തിൽനിന്ന് പുറത്തുകടക്കുന്ന പേടകം ഓഗസ്റ്റ് ഒന്നിന് ചന്ദ്രനിലേക്ക് കുതിക്കും. പ്രൊപ്പൽഷൻ മൊഡ്യൂളിൽനിന്ന് ലാൻഡർ മൊഡ്യൂൾ വേർപെടുത്തുന്നത് ഓഗസ്റ്റ് 17 നാണ്. ഓഗസ്റ്റ് 23 ന് വൈകുന്നേരം 5.47 നാണ് സോഫ്റ്റ് ലാൻഡിങ് നിശ്ചയിച്ചിരിക്കുന്നത്