ന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ സിങ്ങിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡൽഹി ജില്ലാ കോടതി. സിങ്ങിന്റെ ജാമ്യാപേക്ഷ ഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ബ്രിജ്ഭൂഷൺ സമർപ്പിച്ച ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർക്കാത്തതിനെ തുടർന്ന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഹർജിത് സിങ് ജസ്പാലാണ് ബ്രിജ്ഭൂഷണും കൂടുപ്രതിയും ഗുസ്തി ഫെഡറേഷൻ മുൻ സെക്രട്ടറിയുമായ വിനോദ് തോമറിനും രണ്ടു ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്.

''ഞങ്ങൾ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തിട്ടില്ല. അത് ജഡ്ജിയുടെ പരിധിയിലേക്ക് വിടുന്നു. സാക്ഷികളെ സ്വാധീനിക്കാൻ പാടില്ലെന്ന വ്യവസ്ഥ നിലനിൽക്കുന്നതിനാലാണ് എതിർക്കുന്നത്,'' പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ പറഞ്ഞു.

ബ്രിജ് ഭൂഷണിനെയും കൂട്ടുപ്രതി വിനോദ് തോമറിനെയും ജൂലൈ ഏഴിന് കോടതിയിലേക്ക് വിളിച്ചുവരുത്തി ഇന്ന് കോടതിയിൽ ഹാജരാവാൻ ആവശ്യപ്പെടുകയായിരുന്നു. ബ്രിജ് ഭൂഷണെതിരെ കുറ്റപത്രം സമർപ്പിച്ചത് ജൂൺ 15നാണ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പ് പ്രകാരം (സ്ത്രീകളെ അപമാനിക്കൽ) 354 എ (ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തൽ) 354 ഡി, 506(1) (ഭീണണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് ഡൽഹി പൊലീസ് കുറ്റപത്രം സമര്ർപ്പിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് സ്ഥിരീകരിക്കുന്ന തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി പോക്സോ കേസ് റദ്ദാക്കാനുള്ള അപേക്ഷയും പൊലീസ് സമർപ്പിച്ചിരുന്നു. ബിജെപി നിയമസഭാംഗത്തിനെതിരെ വനിതാ ഗൂസ്തിക്കാർ ലൈംഗാതിക്രമം ആരോപിച്ച സംഭവം നടന്നത് 2016 നും 2019 നും ഇടയിലാണെന്നാണ് റിപ്പോർട്ടുകൾ. ഡബ്യൂ എഫ്ഐ ഓഫീസിലും സിങ്ങിന്റെ ഔദ്യോഗിക വസതിയിലും വിദേശത്തും വച്ചാണ് ലൈംഗിക പീഡന സംഭവങ്ങൾ നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നിയമ പോരാട്ടം കോടതിയിലൂടെ തുടരുമെന്ന് പ്രഖ്യാപിച്ച് ജൂൺ മാസം അവസാനത്തോടെയാണ് നാല് മാസം നീണ്ടു നിന്ന സമരം ഗുസ്തി താരങ്ങൾ അവസാനിപ്പിച്ചത്. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവർ നേതൃത്വം നൽകിയ സമരത്തിൽ മാസങ്ങളോളം കേന്ദ്രസർക്കാർ ഇടപെട്ടില്ലെന്നത് വിമർശനങ്ങൾക്കിട നൽകിയിരുന്നു. പിന്നീട്, അടിയന്തരമായി സർക്കാർ ഇടപെടലുണ്ടാകുമെന്ന ഉറപ്പിന്മേലാണ് സമരം അവസാനിച്ചത്.